സമരം ജയിച്ചു; പക്ഷേ, യുദ്ധം അവസാനിക്കുന്നില്ല
text_fieldsമുംബൈ: അമിതാഹ്ലാദവും ആരവങ്ങളുമില്ലാതെ അവര്‍ മടങ്ങി. അവകാശങ്ങള്‍ നേടിയെടുക്കാന്‍ 180 കിലോമീറ്റര്‍ നടന്നെത്തി മഹാരാഷ്ട്ര സർക്കാറിനെ മുട്ടുകുത്തിച്ചാണ് കർഷകരും ആദിവാസികളും മടങ്ങിയത്. പ്രത്യാശയുടെ ചെറുചിരിയല്ലാതെ മറ്റൊരു വികാരവും ആ മുഖങ്ങളിലില്ല. പലകുറി സര്‍ക്കാറിനെതിരെ സമരം ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെയും സർക്കാറുകൾ ഉറപ്പും നൽകിയിട്ടുണ്ട്. ഇത്തവണ, ആവശ്യങ്ങള്‍ സമയബന്ധിതമായി നിറവേറ്റുമെന്ന ചീഫ് സെക്രട്ടറിയുടെ ഒപ്പും സീലും പതിച്ച രേഖയുമായാണ് മടക്കം എന്നുമാത്രം. ‘‘സമരം വിജയിച്ചെങ്കിലും യുദ്ധം അവസാനിക്കുന്നില്ല. കര്‍ഷകര്‍ക്ക് എഴുതിനല്‍കിയ ഉറപ്പ് സര്‍ക്കാര്‍ എങ്ങനെ നടപ്പാക്കുമെന്ന് കാത്തിരിക്കുകയാണ്’’ -സമരത്തിന് നേതൃത്വം നല്കിയ അഖിലേന്ത്യ കിസാന്‍സഭ അധ്യക്ഷന്‍ അശോക് ധാവ്ലെ പറഞ്ഞു.
കര്‍ഷകര്‍ ആരുടെയും ഒൗദാര്യം പറ്റാനല്ല, അവകാശം നേടാനാണ് വന്നതെന്ന് അശോക് ധാവ്ലെ പറഞ്ഞു. അതിനാല്‍ തിരിച്ചുപോകാന്‍ സര്‍ക്കാർ ഏർപ്പെടുത്തിയ രണ്ടു പ്രത്യേക ട്രെയിനുകൾ അവർ സ്വീകരിച്ചില്ല. ടിക്കറ്റ് എടുത്താണ് കർഷകർ ട്രെയിനുകളില്‍ മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ട്രെയിനുകള്‍ക്ക് പുറമെ നാസിക് ഭാഗത്തേക്കുള്ള ട്രെയിനുകളുടെ ബോഗി വർധിപ്പിച്ച് സെൻട്രല്‍ റെയിൽവേയും രംഗത്തുവന്നു. പ്രായവും രോഗവും വേദനകളും മറന്ന് നാസിക്കില്‍നിന്ന് മുംബൈയിലേക്ക് എത്തിയ കര്‍ഷകരിലേറെയും ആദിവാസികളായിരുന്നു. 2006ലെ വനാവകാശ നിയമം നടപ്പാക്കുമെന്ന ഉറപ്പ് ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതിയാണ് അവരിലുളവാക്കുന്നത്. തലമുറകളായി കൃഷിചെയ്ത വനഭൂമി പതിച്ചുനല്‍കാനാണ് 2006ലെ നിയമത്തില്‍ ധാരണയായത്. എന്നാൽ, ഏക്കർകണക്കിന് സ്ഥലങ്ങളില്‍ ഏതാനും സെൻറ് മാത്രം പതിച്ചുനല്‍കി ശേഷിച്ചത് പിടിച്ചെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.