പ്രക്ഷോഭ പ്രഖ്യാപനവുമായി കിസാൻ മഹാ പഞ്ചായത്ത്
text_fieldsന്യൂഡൽഹി: തൽക്കത്തോറ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന അഖിലേന്ത്യ കിസാൻ മഹാ പഞ്ചായത്ത് കർഷകരുടെ ആവശ്യങ്ങൾ ഉയർത്തി ദേശവ്യാപകമായ പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ചു. എ.ഐ.കെ.കെ.എം. എസിന്റെ ആഭിമുഖ്യത്തിൽ നടന്ന കിസാൻ പഞ്ചായത്തിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ഒഡിഷ, കർണാടക, കേരള, പശ്ചിമ ബംഗാൾ തുടങ്ങി 21 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും കർഷകത്തൊഴിലാളികളും പങ്കെടുത്തു.
ലാല ലജ്പത്റായ് അനുസ്മരണ ദിനമായ നവംബർ 17ന് രാജ്യവ്യാപകമായി ജില്ല ഭരണ കേന്ദ്രങ്ങൾ ഉപരോധിക്കാനും നവംബർ 26ന് സംയുക്ത കിസാൻ മോർച്ചയുമായി ചേർന്ന് പ്രതിഷേധ ദിനം ആചരിക്കാനും മഹാ പഞ്ചായത്ത് തീരുമാനിച്ചു. 2025 ഫെബ്രുവരിയിൽ കർഷകർ സംസ്ഥാന തലസ്ഥാനങ്ങളിൽ രാജ്ഭവനുകൾക്കുമുന്നിൽ പ്രതിഷേധമൊരുക്കും.
കേന്ദ്ര സർക്കാറിന്റെ കോർപറേറ്റ് അനുകൂല, കർഷക വിരുദ്ധ, ഫാഷിസ്റ്റ് നയങ്ങളാണ് കർഷകരുടെ ഇന്നത്തെ ദുരിതങ്ങൾക്കും വേദനകൾക്കും കാരണമെന്ന് മഹാ പഞ്ചായത്ത് ഉദ്ഘാടനം ചെയ്ത എ.ഐ.കെ.കെ.എം.എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ശങ്കർഘോഷ് കുറ്റപ്പെടുത്തി. എ.ഐ.കെ.കെ.എം.എസ് ദേശീയ പ്രസിഡന്റ് സത്യവാൻ മുഖ്യ പ്രഭാഷണം നടത്തി. സംയുക്ത കിസാൻ മോർച്ച ദേശീയ നേതാക്കളായ ബൽബീർ സിങ് രജേവാൾ, ജോഗീന്ദർ സിങ് ഉഗ്രഹാൻ, പ്രേംസിങ് ഗെഹ്‌ലാവത്, എ.ഐ.കെ.കെ.എം.എസ് കേരള സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.