ഇന്ന് കിസാൻ മഹാപഞ്ചായത്ത്; പേമാരിയും പ്രതിസന്ധികളും അവഗണിച്ച് കർഷകർ യു.പിയിൽ
text_fieldsമുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിലേക്ക് പേമാരിയെയും പ്രതിസന്ധികളെയും അവഗണിച്ച് കർഷക പ്രവാഹം. ഞായറാഴ്ച നടക്കുന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാനാണ് ആയിരക്കണക്കിന് കർഷകർ യു.പിയിലെത്തിയത്.
കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ശക്തിപകരാൻ 'ഉത്തർപ്രദേശ്-ഉത്തരാഖണ്ഡ് മിഷൻ' ആരംഭിക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. കിസാൻ മോർച്ചയുടെ ഭാരത് ബന്ദുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങളും മഹാപഞ്ചായത്തിലുണ്ടാകും.
15 സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരാണ് മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ മുസഫർ നഗറിലെ ഗവൺമെന്‍റ് ഇന്‍റർ കോളജ് ഗ്രൗണ്ടിലെത്തുന്നത്. കർഷകരുടെയും കർഷക തൊഴിലാളികളുടെയും കർഷകപ്രസ്ഥാനങ്ങളെ പിന്തുണക്കുന്നവരുടെയും ശക്തി യോഗി-മോദി സർക്കാറുകൾ ഞായറാഴ്ച മനസിലാക്കുമെന്ന് എസ്.കെ.എം പറഞ്ഞു.
'കർഷക പ്രക്ഷോഭത്തിന് ജാതി -മത-വർഗ - സംസ്ഥാന വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്ന് കിസാൻ മഹാപഞ്ചായത്തിലൂടെ മനസിലാക്കും' -എസ്.കെ.എം അറിയിച്ചു.
കർഷകർക്ക് സൗജന്യഭക്ഷണമൊരുക്കാൻ കർഷക ഗ്രാമങ്ങളിൽ അഞ്ഞൂറോളം കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണവിതരണത്തിന് നൂറോളം ട്രാക്ടറുകളിലായി സഞ്ചരിക്കുന്ന സംവിധാനം ഒരുക്കുകയും 100 മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യും. മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തുന്ന കർഷകർക്ക് ആവശ്യമായ സേവനം നൽകാൻ യുവാക്കളോട് എസ്.കെ.എം അഭ്യർഥിച്ചു. പ്രദേശത്ത് കനത്ത സുരക്ഷ സംവിധാനങ്ങൾ മുസഫർനഗർ പൊലീസ് ഒരുക്കിയിട്ടുണ്ട്.
കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ തുടരുന്ന കർഷക പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കിസാൻ മഹാപഞ്ചായത്ത്. പ്രമുഖ കർഷകനേതാക്കൾ ആയിരക്കണക്കിന് കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.