‘പട്ടടയൊരുക്കി പട്ടം’; പട്ടത്തിന്റെ വഴിയേ രണ്ട്ദിവസത്തിനുള്ളിൽ മരണത്തിലേക്ക് പറന്നുപോയത് ഏഴുപേർ...
text_fieldsന്യൂഡൽഹി: അമ്പരപ്പിക്കുന്ന യാദൃച്ഛികതയുടെ ചിറകിലേറിപ്പറന്നുപോയത് ഏഴുപേർ. സമയം കൊല്ലാൻ പട്ടം പറത്താനിറങ്ങിയ അഞ്ചുപേർ ദുരന്തത്തിന്റെ നൂൽച്ചരടിൽ കോർത്ത് പറന്നുപോയത് മരണത്തിലേക്ക്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങിയും രണ്ടുപേർക്ക് ദാരുണാന്ത്യം സംഭവിച്ചു. പട്ടം പറത്തുന്നതിനിടെ, രാജ്യത്ത് 48 മണിക്കൂറിനുള്ളിലാണ് ഏഴ് പേർക്ക് വ്യത്യസ്ത സംഭവങ്ങളിലായി ജീവഹാനി സംഭവിച്ചത്.
തെലങ്കാനയിൽ മാത്രം വിവിധയിടങ്ങളിൽ പട്ടം പറത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ അഞ്ച് മരണമാണ് ഉണ്ടായത്. ടെറസിൽ നിന്ന് വീണും വൈദ്യുതാഘാതമേറ്റും ബൈക്കിൽ സഞ്ചരിക്കവെ പട്ടച്ചരട് കഴുത്തിൽ കുടുങ്ങിയുമാണ് മരണങ്ങൾ ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഏഴുവയസ്സുകാരനും ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന സൈനികനുമാണ് പട്ടച്ചരട് കഴുത്തിൽ കുടുങ്ങി ദാരുണാന്ത്യം സംഭവിച്ചത്.
പട്ടം പറത്തുന്നതിനിടെ ടെറസിൽ നിന്ന് വീണാണ് തെലങ്കാനയിൽ 20കാരനായ ആകാശ് മരണപ്പെട്ടത്. അപകട മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാൻ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഗറെഡ്ഡി ജില്ലയിൽ വീടിന്‍റെ ടെറസിൽ പട്ടം പറത്തുന്നതിനിടെ സുബ്രഹ്മണ്യം എന്ന യുവാവും വൈദ്യുതാഘാതമേറ്റ് മരിച്ചു. സുബ്രഹ്മണ്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. പട്ടം പറത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റും ടെറസിൽ നിന്ന് വീണുമാണ് 11ഉം 13ഉം വയസുള്ള കുട്ടികൾ മരണപ്പെട്ടത്.
മഹാരാഷ്ട്രയിലും പട്ടം പറത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റും പട്ടത്തിന്‍റെ ചരട് കഴുത്തിൽ കുടുങ്ങിയും മരണങ്ങൾ സംഭവിച്ചു. നാസിക്കിലാണ് പട്ടം പറത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന് ജീവൻ നഷടപ്പെട്ടത്. മകര സംക്രാന്തിക്ക് പട്ടം പറത്താൻ ഉപയോഗിക്കുന്ന മൂർച്ചയുള്ള ചരട് കഴുത്തിൽ കുടുങ്ങി കഴുത്ത് മുറിഞ്ഞാണ് ഏഴ് വയസുകാരൻ മരിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.