മാസം അഞ്ച് ലക്ഷം ശമ്പളം, 10 കോടിയുടെ കാർ, ബോയിങ് 777 വിമാനം; അറിയാം രാഷ്ട്രപതിയുടെ ശമ്പളവും ആനുകൂല്യങ്ങളും
text_fieldsലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പരമോന്നതപദവിയിലിരിക്കുന്ന രാഷ്ട്രപതിക്ക് ലഭിക്കുന്നത് ആ പദവിക്ക് ചേരുന്ന ഉന്നത വേതനവും ആനുകൂല്യങ്ങളും സൗകര്യങ്ങളും.
- ശമ്പളം:
പ്രതിമാസം അഞ്ച് ലക്ഷം രൂപ. മുമ്പ് ഒന്നരലക്ഷം രൂപയായിരുന്നത് വർധിപ്പിച്ചത് 2016ൽ.
- ഔദ്യോഗിക വസതി
രാഷ്ട്രത്തലവന്മാരുടെ ഔദ്യോഗിക വസതികളിൽ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രപതി ഭവനിലാണ് രാഷ്ട്രപതിയുടെ താമസം. 1929 ൽ നിർമാണം പൂർത്തിയായ രാഷ്ട്രപതി ഭവന്റെ ശിൽപി ബ്രിട്ടീഷ് വാസ്തുവിദഗ്ധൻ എഡ്വിൻ ല്യൂട്ടെൻസാണ്. 340 മുറികളുണ്ട് ഇതിന്. ന്യൂഡൽഹിയുടെ ഹൃദയഭാഗത്ത് റെയ്സിന കുന്നിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി ഭവൻ 320 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പ്രസിഡൻഷ്യൽ എസ്റ്റേറ്റിന്റെ ഭാഗമാണ്. രാഷ്ട്രപതി ഭവനു പുറമേ ഷിംലയിലുള്ള റിട്രീറ്റ് ബിൽഡിങ് രാഷ്ട്രപതിയുടെ വേനൽക്കാല വസതിയായും ഹൈദരാബാദിലെ രാഷ്ട്രപതി നിലയം ശൈത്യകാല വസതിയായും പ്രവർത്തിക്കുന്നു. ഇവയെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് പണി കഴിപ്പിച്ചതാണ്.
- വാഹനം
10 കോടിയോളം രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ് കാറാണ് ഔദ്യോഗിക വാഹനം. പ്രത്യേക സുരക്ഷ സംവിധാനങ്ങളുള്ള വാഹനത്തിന് സ്ഫോടനം വരെ ചെറുക്കാൻ ശേഷിയുണ്ട്. സുരക്ഷകാരണങ്ങളാൽ ഈ കാറിന്റെ മുഴുവൻ വിവരങ്ങളും പുറത്തുവിടുകയില്ല. നമ്പർ േപ്ലറ്റിന് പകരം അശോകസ്തംഭമാണ്.
- വിമാനം
ഇന്ത്യ പുതുതായി വാങ്ങിയ ബോയിങ് 777 എയർ ഇന്ത്യ വണ്ണിലാണ് രാഷ്ട്രപതിയുടെ ആകാശ യാത്രകൾ. രാഷ്ട്രപതിക്കു പുറമെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന രണ്ട് എയർ ഇന്ത്യ വൺ വിമാനങ്ങൾക്കായി ആകെ 8400 കോടിയാണ് ചെലവ്.
- അംഗരക്ഷകർ
മൂന്ന് സായുധസേനകളുടെയും അധിപനായ രാഷ്ട്രപതിയുടെ സുരക്ഷചുമതല നിർവഹിക്കുന്നത് പ്രതിരോധ നിരയിൽ ഉന്നത സ്ഥാനത്തുള്ള'പ്രസിഡന്റ്സ് ബോഡിഗാർഡ്സ്' (പി.എസ്.ജി) എന്ന സംഘമാണ്.
- വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങൾ
വിരമിച്ച ശേഷം രണ്ടരലക്ഷം രൂപ പെൻഷനായി ലഭിക്കും. എല്ലാ സൗകര്യങ്ങളും കൂടിയ വാടകരഹിത വസതിയും സഹായത്തിനായി അഞ്ച് ജീവനക്കാരെയും നൽകും. ആജീവനാന്തം ചികിത്സ സൗജന്യമാണ്. തീവണ്ടിയിലോ വിമാനത്തിലോ പങ്കാളിയുമൊത്തുള്ള യാത്രയും സൗജന്യമാണ്. കൂടാതെ രണ്ട് ലാൻഡ്ഫോണുകളും ഒരു മൊബൈൽ ഫോണും നൽകും.
- രാഷ്ട്രപതിയുടെ അധികാരങ്ങൾ
രാഷ്ട്രത്തലവനെന്ന നിലയിൽ വിപുലമായ അധികാരങ്ങൾ രാഷ്ട്രപതിക്കുണ്ട്. എങ്കിലും, ഇതിൽ പല അധികാരങ്ങളും മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് മാത്രമേ വിനിയോഗിക്കാൻ സാധിക്കുകയുള്ളൂ.
ഭരണഘടനയുടെ ചുമതലക്കാരനായ രാഷ്ട്രപതിയാണ് പാർലമെന്റ് സമ്മേളനങ്ങൾ വിളിച്ചുചേർക്കുന്നത്.
കാബിനറ്റ് നിർദേശപ്രകാരം ലോക്സഭ പിരിച്ചുവിടാൻ അധികാരം.
മൂന്ന് സായുധസേനകളുടെയും തലവനാണ്.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും ഓർഡിനൻസ് പുറത്തിറക്കാനും ദയാഹരജിയിൽ തീരുമാനമെടുക്കാനും അധികാരം.
സംസ്ഥാനത്തെ ഭരണഘടനാ സംവിധാനങ്ങൾ പരാജയപ്പെട്ടാൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താം.
കാലാവധിക്ക് മുമ്പ് സ്ഥാനമൊഴിയുകയാണെങ്കിൽ രാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കേണ്ടത് ഉപരാഷ്ട്രപതിക്കാണ്. എന്നാൽ, രാഷ്ട്രപതിയെ തൽസ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ അനുച്ഛേദം 61 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.