ഡൗൺലോഡ് ചെയ്യണമെന്നില്ല, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിൽ കാണുന്നതും കൈവശം വെക്കുന്നതിന് തുല്യം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിൽ കാണുന്നതും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. ഡൗൺലോഡ് ചെയ്യാതെ തന്നെ ദൃശ്യങ്ങൾ ഓൺലൈനായി കാണുന്നതും കൈവശം വെക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ പ്രകാരവും വിവരസാങ്കേതിക നിയമപ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈകോടതി വിധി റദ്ദാക്കിയ വിധിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
കൈമാറണമെന്ന ഉദ്ദേശ്യത്തോടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നതിനെയോ കൈവശംവെക്കുന്നതിനെയോ കുറിച്ചാണ് പോക്സോ നിയമത്തിലെ സെക്ഷൻ 15 പറയുന്നത്. എന്നാൽ, അശ്ലീലദൃശ്യം കണ്ടാൽ റിപ്പോർട്ട് ചെയ്യാതെയോ ഡിലീറ്റ് ചെയ്യാതെയോ ഇരിക്കുന്നത് കൈമാറാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒരാൾ സ്ഥിരമായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിൽ കാണുന്നയാളാണെങ്കിൽ അയാൾ ഇവ കൈവശം വെക്കുന്നതായി അനുമാനിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന് ഡൗൺലോഡ് ചെയ്യണമെന്നില്ല. എന്നാൽ, ഒരാൾക്ക് മറ്റൊരാൾ ഒരു ലിങ്ക് മാത്രം അയക്കുന്നു എന്ന് കരുതുക. ഇയാൾ ഇത് തുറക്കുമ്പോൾ കുട്ടികളുടെ അശ്ലീല ദൃശ്യം വരുന്നു. ഇത് അയാളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. ലിങ്കിൽ എന്താണ് തുറന്നുവരുന്നതെന്ന് അയാൾക്ക് അറിയില്ല. അശ്ലീലദൃശ്യങ്ങളാണെങ്കിൽ, ഉചിതമായ സമയത്തിനുള്ളിൽ ആ ലിങ്ക് അടക്കാതിരിക്കുകയോ, തുടർച്ചയായി കാണുകയോ ചെയ്യുകയാണെങ്കിൽ, ഇയാൾ ദൃശ്യങ്ങൾ കൈവശം വെക്കുന്നുവെന്ന് അനുമാനിക്കാം -കോടതി പറഞ്ഞു.
ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കുറ്റകരമാണെന്നാണ് കോടതി ഇന്ന് വിധിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത കണ്ട യുവാവിനെതിരായ കേസ് റദ്ദാക്കിയതിൽ മദ്രാസ് ഹൈകോടതിക്ക് ഗുരുതരമായ തെറ്റ് സംഭവിച്ചതായും സുപ്രീംകോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.