ഭൂമിക്കടിയിലൂടെ പ്രകൃതിവാതകം ഒഴുകാൻ ഇനി ദിവസങ്ങൾ മാത്രം
text_fieldsകൊച്ചി: കൊച്ചിയിൽനിന്ന് കൂറ്റനാട് വഴി ബംഗളൂരുവിലേക്കും മംഗളൂരുവിലേക്കുമെത്തുന്ന പ്രകൃതിവാതക പൈപ്പ് ലൈൻ (കെ.കെ.ബി.എം.പി.എൽ) പദ്ധതിയിൽ മംഗളൂരുവിലേക്കുള്ള പൈപ്പിടൽ പൂർത്തിയായതോടെ യാഥാർഥ്യമാകുന്നത് സംസ്ഥാനത്തിെൻറ ബൃഹത്തായ വികസന സ്വപ്നങ്ങളിലൊന്ന്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) നടപ്പാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക കമീഷൻ ദിവസങ്ങൾക്കുള്ളിൽ നടക്കും.
പുതുവൈപ്പിലെ പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനലിൽനിന്നുള്ള ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) മംഗളൂരുവിലും ബംഗളൂരുവിലുമുള്ള വ്യാവസായിക മേഖലകളിലെത്തിക്കുന്നതിനും വീടകങ്ങളിലേക്ക് പൈപ്പിലൂടെ പ്രകൃതിവാതകവും (പി.എൻ.ജി) വാഹനങ്ങൾക്ക് സി.എൻ.ജിയും വിതരണം ചെയ്യുന്നതിനുമാണ് പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ വീടുകളിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി പൂർണമായിട്ടില്ല. കൊച്ചിയിൽനിന്ന് കൂറ്റനാട് വരെയുള്ള പൈപ്പിടൽ കഴിഞ്ഞ വർഷം പൂർത്തിയായിരുന്നെങ്കിലും കാസർകോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴക്കു കുറുകെ പൈപ്പിടുന്നത് ഏറക്കാലമായി തടസ്സപ്പെട്ടിരുന്നതിനാലാണ് പദ്ധതി പൂർത്തീകരണം വൈകിയത്. നികുതിയിനത്തിൽ പ്രതിവർഷം 1000 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്നതാണ് ഇതിെൻറ സാമ്പത്തികലാഭം.
വഴിപിരിയുന്നത് കൂറ്റനാട്ട്
ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കുള്ള പൈപ്പ് ലൈനുകൾ രണ്ടായി തിരിയുന്നത് പാലക്കാട് ജില്ലയിലെ കൂറ്റനാടാണ്. കൊച്ചി-കൂറ്റനാട്-മംഗളൂരു പാതയിൽ 450 കി. മീറ്ററിലാണ് പൈപ്പിടൽ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്. അവസാനഘട്ട നടപടിക്രമങ്ങൾ ബാക്കിയുണ്ട്. ഇവ ദിവസങ്ങൾക്കകം പൂർത്തിയാക്കി കമീഷൻ ചെയ്യാനാണ് തീരുമാനം. പദ്ധതിക്ക് ആകെ ചെലവ് 5700 കോടിയാണ്. ഇതിൽ മംഗളൂരു പാതയിലേക്കുള്ള ചെലവ് 3300 കോടിയും. കേരളത്തിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോവുക.
കർണാടകയിൽ വെറും 25 കി.മീ. മാത്രമേ പദ്ധതി പ്രദേശത്ത് വരുന്നുള്ളൂ. ബംഗളൂരു പാതയിൽ കേരള അതിർത്തിയായ വാളയാർ വരെ പൈപ്പിടൽ പൂർത്തിയായെങ്കിലും തമിഴ്നാട്ടിൽ നാട്ടുകാരുടെ എതിർപ്പ് മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. കൂറ്റനാടുനിന്ന് ബംഗളൂരു വരെയുള്ളത് 525 കി.മീറ്ററിലുള്ള പൈപ്പ് ലൈനാണ്. 1500 മീറ്റർ പൈപ്പാണ് പുഴയിലെ ഭൂമിക്കടിയിലൂടെ സ്ഥാപിക്കേണ്ടിയിരുന്നത്. 24 ഇഞ്ച് വ്യാസമുള്ള പൈപ്പ് പുഴക്കടിയിലെ ഗർത്തത്തിലൂടെ 540 മീറ്റർ കടത്തിയപ്പോൾ ബ്ലോക്കായി. മുന്നോട്ടും പിന്നോട്ടും മാറ്റാനാവാത്ത സ്ഥിതി. പദ്ധതി അനിശ്ചിതമായി നീണ്ടുപോകുമെന്നായതോടെ പുഴയിലൂടെയുള്ള പൈപ്പിടലിൽ മാറ്റംവരുത്തി. 24 ഇഞ്ച് വ്യാസമുള്ള പൈപ്പിട്ട ഭാഗം ഉപേക്ഷിച്ച് മറ്റൊരിടത്ത് ആറിഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ച് പദ്ധതി കമീഷൻ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇത് താൽക്കാലികമാണ്. 24 ഇഞ്ച് വ്യാസത്തിലൂടെ കടന്നുവരുന്ന വാതകം ഒരുഭാഗത്ത് ആറിഞ്ചിലൂടെ കടത്തിവിടുന്നത് സ്ഥിരം സംവിധാനമാക്കാൻ പറ്റില്ലെന്നാണ് ഗെയിൽ എൻജിനീയറിങ് വിഭാഗം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.