കൊടനാട് കേസ്: മലയാളി പ്രതികളുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈകോടതി തള്ളി
text_fieldsചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവ് കൊള്ളയടിച്ച കേസിലെ പ്രതികളായ തൃശൂർ ഇരിങ്ങാലക്കുട സയൻ, വാളയാർ മനോജ് എന്നിവർക്ക് ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈകോടതി. 2017 ഏപ്രിൽ 23ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജയലളിതയുടെ മുൻ ഡ്രൈവറും സേലം സ്വദേശിയുമായ കനകരാജാണ് കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവ് കൊള്ള ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
കനകരാജിെൻറ നിർദേശപ്രകാരം സയൻ പത്തംഗ കൊള്ളസംഘത്തെ ഏർപ്പാടാക്കി. ഇതിൽ സയൻ ഉൾപ്പെടെ പത്തുപേരും മലയാളികളായിരുന്നു. കവർച്ചക്കെത്തിയ സംഘത്തെ തടയുന്നതിനിടെ എസ്റ്റേറ്റ് സുരക്ഷ ജീവനക്കാരനായ ഒാം ബഹദൂർ കൊല്ലപ്പെട്ടിരുന്നു. കേസിലെ ഒന്നാം പ്രതിയായ കനകരാജ് പിന്നീടുണ്ടായ വാഹനാപകടത്തിൽ മരിച്ചു.
കവർച്ച നടന്ന അടുത്ത ദിവസം സയനും കുടുംബവും സഞ്ചരിച്ച കാർ പാലക്കാടിന് സമീപം അപകടത്തിൽപ്പെട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ സയനും മനോജും ഡൽഹിയിൽ മാധ്യമപ്രവർത്തകനായ മാത്യു സാമുവലിനൊപ്പം വാർത്തസമ്മേളനം നടത്തി കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ നടന്ന കവർച്ചക്കു പിന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണെന്ന് ആരോപണമുന്നയിച്ചിരുന്നു. വിചാരണ നടക്കവേ കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകൾ നടത്തിയതിനാൽ പ്രതികളുടെ ജാമ്യം നീലഗിരി ജില്ല കോടതി റദ്ദാക്കി. തുടർന്നാണ് പ്രതികൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.