കോടനാട് എസ്റ്റേറ്റ്: അപകടങ്ങളിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്
text_fieldsകോയമ്പത്തൂർ: കോടനാട് എസ്റ്റേറ്റ് കവർച്ചാശ്രമക്കേസിലെ പ്രധാനപ്രതികൾ അപകടത്തിൽപെട്ടത് യാദൃശ്ചികമാണെന്നും അസ്വാഭാവികതയില്ലെന്നും നീലഗിരി ജില്ല പൊലീസ് സൂപ്രണ്ട് മുരളിരംഭ. വ്യത്യസ്ത അപകടങ്ങളിൽപെട്ട് കേസിലെ ഒന്നാംപ്രതി സേലം സ്വദേശി കനകരാജ് മരിച്ചതും രണ്ടാംപ്രതി തൃശൂർ സ്വദേശി കെ.വി. സയൻ എന്ന ശ്യാമിന് പരിക്കേറ്റതും വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം. കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ മോഷണം നടത്തുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം. കേസിൽ 11 പ്രതികളാണുള്ളത്. കനകരാജൊഴിച്ച് ബാക്കി പ്രതികൾ കേരളത്തിൽനിന്നുള്ളവരാണ്. ബംഗ്ലാവിനകത്ത് കോടികളുടെ കറൻസി സൂക്ഷിച്ചിട്ടുണ്ടെന്ന ധാരണയിൽ കനകരാജാണ് പദ്ധതി ആസൂത്രണം ചെയ്തത്. എസ്റ്റേറ്റിലെ സി.സി.ടി.വി കാമറകൾ പ്രവർത്തനരഹിതമാണെന്നും നായ്ക്കളില്ലെന്നും ഇയാളാണ് പ്രതികളെ അറിയിച്ചത്. ഏപ്രിൽ 23ന് രാത്രി 12ഒാടെ മൂന്ന് കാറുകളിലായാണ് സംഘമെത്തിയത്.
എസ്റ്റേറ്റിലെ എട്ടാം ഗേറ്റിൽ കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൃഷ്ണബഹദൂർ താപ്പയെ മർദിച്ചവശനാക്കി സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കെട്ടിയിട്ടു. തുടർന്ന് പത്താംനമ്പർ ഗേറ്റിലെ കാവൽക്കാരൻ ഒാം ബഹദൂറിനെ കൊന്ന് ബംഗ്ലാവിനകത്ത് കടന്ന പ്രതികൾ ജയലളിത, ശശികല എന്നിവർ താമസിക്കാറുള്ള മൂന്ന് മുറികളിൽ കയറി. കറൻസി ലഭിക്കാതെ വന്നതോടെ അഞ്ച് വാച്ചുകളും ഒരു അലങ്കാരവസ്തുവും മാത്രമാണ് മോഷ്ടിച്ചത്. പിന്നീട് സംഘത്തിലെ ആറുപേർ ഗൂഡല്ലൂർ വഴി ഒരു കാറിലും കനകരാജും സയനും മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്കും തിരിച്ചു. മറ്റ് പ്രതികൾ ബസിലാണ് തിരിച്ചുപോന്നത്. നാലുപേരെ മാത്രമാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് അഞ്ച് പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്.പി അറിയിച്ചു.
മുറിവുകളിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട്
കുഴൽമന്ദം (പാലക്കാട്): കോടനാട് എസ്റ്റേറ്റ് കേസിലെ രണ്ടാംപ്രതി സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ മൊബൈൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. തൃശൂർ മൊബൈൽ ഫോറൻസിക് ഓഫിസർ റിനിയുടെ നേതൃത്വത്തിലാണ് പാലക്കാട് കണ്ണാടിയിലെ ദേശീയപാതയിൽ അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തിയത്. അതിനിടെ സയെൻറ ഭാര്യ വിനുപ്രിയ (30), മകൾ നീതു (ആറ്) എന്നിവരുടെ കഴുത്തിൽ കണ്ട മുറിവുകളിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതായാണ് സൂചന. ചില്ല് തറച്ചാണ് മുറിവുണ്ടായതെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ വിലയിരുത്തൽ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.