കോടനാട് കേസന്വേഷണം അന്തിമഘട്ടത്തിൽ: പ്രതികളുടെ ലക്ഷ്യം മോഷണമെന്ന് പൊലീസ്
text_fieldsകോയമ്പത്തൂർ: കോടനാട് എസ്റ്റേറ്റ് കേസിൽ പ്രതികളുടെ ലക്ഷ്യം മോഷണം മാത്രമായിരുന്നുവെന്നും വിലപ്പെട്ടതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും നീലഗിരി ജില്ല സൂപ്രണ്ടും അന്വേഷണ സംഘത്തലവനുമായ മുരളിരംഭ അറിയിച്ചു. പത്രങ്ങളും ചാനലുകളും ചേർന്ന് ഒാരോ ദിവസവും കഥകൾ മെനയുകയാണ്. ചില റിപ്പോർട്ടുകൾക്ക് രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. സേലത്ത് വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജയലളിതയുടെ ഡ്രൈവറായിരുന്ന കനകരാജാണ് എസ്റ്റേറ്റ് ബംഗ്ലാവ് കൊള്ളയടിക്കുക എന്ന പദ്ധതിയുടെ സൂത്രധാരൻ. കോടികളുടെ കറൻസിയും സ്വർണവും ബംഗ്ലാവിലുണ്ടാവുമെന്ന തെറ്റിദ്ധാരണയുടെ പുറത്താണ് മോഷണം ആസൂത്രണം ചെയ്തത്.
അഞ്ച് റിസ്റ്റ് വാച്ചുകളും പളുങ്കുനിർമിതമായ അലങ്കാര വസ്തുവും മാത്രമാണ് മോഷ്ടിച്ചത്. ഇവ പ്രതികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രമാണപത്രങ്ങളോ മറ്റു രേഖകളോ നഷ്ടമായില്ല. എസ്റ്റേറ്റിലെ ജീവനക്കാർക്ക് സംഭവവുമായി ബന്ധമില്ല. സേലത്തും പാലക്കാട്ടും നടന്ന വാഹനാപകടങ്ങളിൽ ദുരൂഹതയില്ല. കേസുമായി ബന്ധപ്പെട്ട് മുഴുവൻ തെളിവുകളും ശേഖരിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. അതിനിടെ കോടനാട് എസ്റ്റേറ്റിൽ സുരക്ഷ ശക്തിപ്പെടുത്താൻ പൊലീസ് നിർദേശം നൽകി.
എസ്റ്റേറ്റിലെ പത്ത് ഗേറ്റുകളിൽ പ്രത്യേക പൊലീസ് കാവൽ ഉണ്ടായിരിക്കും. ഇതിന് പുറമെ മർമപ്രധാനമായ ഭാഗങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും എസ്റ്റേറ്റ് മാനേജ്മെൻറ് നടപടികൾ സ്വീകരിച്ചു. ബംഗ്ലാവിനോട് ചേർന്ന എട്ടാം നമ്പർ ഗേറ്റിൽ രണ്ട് വനിത പൊലീസ് കോൺസ്റ്റബിൾമാർ ഉൾപ്പെടെ കൂടുതൽ പൊലീസിനെ സുരക്ഷക്കായി നിയോഗിക്കും. എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം വിനോദസഞ്ചാരികൾക്കും നിയന്ത്രണമുണ്ടായിരിക്കും. ശനിയാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥ സംഘം ബംഗ്ലാവിൽ പരിശോധന നടത്തി. പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ കാവൽക്കാരൻ കൃഷ്ണ ബഹദൂർ ചികിത്സക്കുശേഷം വീണ്ടും ജോലിയിൽ കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.