ഔറംഗസീബിനെ വാഴ്ത്തി പോസ്റ്റ്; മഹാരാഷ്ട്രയിലെ കോലാപുരിൽ സംഘർഷം
text_fieldsമുംബൈ: ടിപ്പു സുൽത്താൻ, ഔറംഗസീബ് എന്നിവരെ വാഴ്ത്തി അവരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ കോലാപുരിൽ സംഘർഷം. വാട്സ്ആപ്പിലും മറ്റും ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ തെരുവിലിറങ്ങിയതോടെയാണ് സംഘർഷമുടലെടുത്തത്. ഇരുവിഭാഗം തമ്മിലെ ഏറ്റുമുട്ടലിനെ തുടർന്ന് പൊലീസ് ലാത്തിവിശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പ്രദേശത്ത് ഇൻറർനെറ്റ് സേവനം താൽകാലികമായി റദ്ദാക്കിയിട്ടുമുണ്ട്. ചൊവ്വാഴ്ചയാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത്. അന്ന് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചെങ്കിലും ബുധനാഴ്ച ഹിന്ദുത്വ സംഘടന പ്രതിഷേധവുമായി തെരുവിലിറങ്ങി. കടകൾ അടപ്പിക്കുകയും ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലെറിയുകയും ചെയ്തു. വാഹനങ്ങൾക്കും പൊലീസിനും നേരെ ആക്രമണമുണ്ടായി. സമ്പാജി നഗർ, അഹ്മദ്നഗർ, പുണെ എന്നിവിടങ്ങളിലും സംഘർഷമുണ്ടാകുമെന്ന് ആശങ്കയുണ്ട്. കോലാപുരിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ പെട്ടെന്ന് ‘ഔറംഗസീബിന്റെ മക്കൾ’ പിറന്ന് വീണ് പ്രശ്നമുണ്ടാക്കുകയാണെന്നും അതിനുപിന്നിൽ ആരായാലും കടുത്ത നിയമനടപടി സ്വീകരിക്കുമെന്നുമാണ് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്. ഔറംഗസീബിനെ വാഴ്ത്തുന്നവരോട് മഹാരാഷ്ട്രക്ക് ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്തിന്റെ ക്രമസമാധാനം കാക്കേണ്ട സർക്കാർ തന്നെ സംഘർഷങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ ആരോപിച്ചു. ഭരണത്തിലിരിക്കുന്നവർതന്നെ ഇരു വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും പവാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.