ആർ.ജി കർ മെഡിക്കൽ കോളജ് പരിസരത്ത് പ്രതിഷേധങ്ങൾ നിരോധിച്ച് ബംഗാൾ സർക്കാർ
text_fieldsകൊൽക്കത്ത: വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധങ്ങൾ തുടരവെ, കൊലപാതകം നടന്ന കൊൽക്കത്തയിലെ ആർ.ജി കർ ഗവ. മെഡിക്കൽ കോളജ് പരിസരത്ത് പ്രതിഷേധങ്ങൾക്ക് തടയിടാൻ ബംഗാൾ സർക്കാർ. ഇതിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് ആശുപത്രി പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി.
ക്രമസമാധാനം തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നുള്ള റിപ്പോർട്ടിനെ തുടർന്നാണ് ആശുപത്രി പരിസരത്ത് ഒത്തുചേരലുകൾക്ക് നിരോധനമേർപ്പെടുത്തിയതെന്ന് അധികൃതർ വിശദീകരിക്കുന്നു. റാലികളോ, പ്രകടനമോ, പ്രതിഷേധങ്ങളോ ആശുപത്രി പരിസരത്ത് നടത്താൻ അനുമതിയില്ല. നിരോധനം ഇന്നലെ അർധരാത്രി മുതൽ നിലവിൽവന്നു.
ഇന്നലെ പാതിരാത്രിയിലും കൊൽക്കത്തയിൽ നൂറുകണക്കിന് ആളുകൾ നഗരത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതോടെ, ഗതാഗതക്കുരുക്കിൽ നഗരം നിശ്ചലമായി. രാജ്യതലസ്ഥാനമായ ഡൽഹിയിലും മെഴുകുതിരി തെളിച്ച് ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചു. മെഡിക്കൽ അസോസിയേഷനടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് വിലക്ക് ലംഘിച്ച് ഡൽഹി ലേഡി ഹാർഡിങ് ആശുപത്രിയിലെ ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകർ ജന്തർമന്തറിൽ തെരുവിലിറങ്ങി. മറ്റു ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.
ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വിമാനത്താവളങ്ങളിലേതിന് സമാനമായ സുരക്ഷ സംവിധാനം, നിശ്ചിതമായ ജോലി സമയം, സുരക്ഷ ഉറപ്പ് നൽകുന്ന വിശ്രമമുറികൾ, സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും നിയമപരിരക്ഷ തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും സമയബന്ധിത നീതി ഉറപ്പാക്കുന്ന അന്വേഷണവും ആവശ്യപ്പെട്ടതായി ഐ.എം.എ പ്രസിഡന്റ് ഡോ. ആർ.വി. അശോകൻ പറഞ്ഞു.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ: സമിതിയെ നിയോഗിച്ച് കേന്ദ്രം
ന്യൂഡൽഹി: ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ നിർദേശിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊല്‍ക്കത്തയില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നടപടി. സമരം ചെയ്യുന്ന ഡോക്ടർമാർ പൊതുതാൽപര്യം കണക്കിലെടുത്ത് ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
ഫെഡറേഷന് ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് (ഫോര്‍ഡ), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ), ഡല്‍ഹിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് സർക്കാർ തീരുമാനം. സംസ്ഥാന സർക്കാറുകളുൾപ്പെടെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട വിവിധ ഏജൻസികൾക്ക് കമ്മിറ്റിയുമായി അവരുടെ നിർദേശങ്ങൾ പങ്കുവെക്കാമെന്ന് ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും നിയമനിർമാണം നടത്തിയിട്ടുണ്ട്. ജോലിസ്ഥലത്ത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വിവിധ സംഘടനകൾ അറിയിച്ചിട്ടുണ്ട്. ആശങ്കകൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.