ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരം കൊൽക്കത്ത; നേട്ടം കൈവരിക്കുന്നത് മൂന്നാം തവണ
text_fieldsന്യൂഡൽഹി: ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന നേട്ടം കൊൽക്കത്തക്ക് സ്വന്തം. മൂന്നാം തവണയാണ് സുരക്ഷിത നഗരമെന്ന പദവി കൊൽക്കത്ത കരസ്ഥമാക്കുന്നത്. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് എൻ.സി.ആർ.ബി ഈ പദവി നൽകുന്നത്.
2016 മുതൽ കൊല്‍ക്കത്തയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കണക്ക് പ്രകാരം 2021ൽ ലക്ഷത്തിൽ 103.4 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഈ വർഷത്തെ കണക്ക് പ്രകാരം ഇത് 86.5 ആയി കുറഞ്ഞു.
2021ൽ പൂണെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒരു ലക്ഷം ജനസംഖ്യയിൽ 256.8 ഉം 259.9 ഉം കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20 ലക്ഷം ജനസംഖ്യ വരുന്ന 19 നഗരങ്ങൾക്കിടയിലാണ് റാങ്കിങ് നൽകിയിരിക്കുന്നത്.
എന്നാൽ, ഇതേസമയം കൊൽക്കത്തയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021ൽ കേസുകളുടെ എണ്ണം 1,783 ആയിരുന്നു. 2022ൽ അത് 1,890 ആയി ഉയർന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് ഒരു ലക്ഷത്തിൽ 27.1 കേസുകളാണ്. കോയമ്പത്തൂരിനേക്കാളും (12.9) ചെന്നൈയേക്കാളും (17.1) കൂടുതലാണ് ഈ കണക്കുകൾ.
2021ൽ 45 കൊലപാതകക്കേസുകളാണ് കൊൽക്കത്തയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2022ൽ 34 ആയി കുറഞ്ഞു. 2022, 2021 കാലയളവിൽ 11 ബലാത്സംഗക്കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
36 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും കേന്ദ്ര ഏജൻസികളിൽ നിന്നുമുള്ള കണക്കുകൾ പ്രകാരമാണ് ‘2022ലെ ഇന്ത്യയിലെ കുറ്റകൃത്യങ്ങൾ’ എന്ന എൻ.സി.ആർ.ബി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.