പൊലീസിന് ഏഴുദിവസത്തെ സമയം, അല്ലെങ്കിൽ കേസ് സി.ബി.ഐക്കെന്ന് മമത; ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ പ്രതിഷേധം പടരുന്നു
text_fieldsകൊൽക്കത്ത: കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം പടരുന്നതിനിടെ സംസ്ഥാന പൊലീസിന് ഏഴു ദിവസത്തെ സയമം നൽകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേസന്വേഷണത്തിൽ പുരോഗതിയില്ലെങ്കിൽ സി.ബി.ഐക്ക് കൈമാറുമെന്ന് മമത വ്യക്തമാക്കി.
“കുറ്റവാളികളെ എത്രയും വേഗം പോലിസ് അറസ്റ്റ് ചെയ്യണമെന്നാണ് ആഗ്രഹം. ഞായറാഴ്ചക്കുള്ളിൽ അവർക്ക് കണ്ടെത്താനായില്ലെങ്കിൽ , ഞാൻ അന്വേഷണം സി.ബി.ഐക്ക് കൈമാറും...കാരണം അകത്തുള്ളവർ ഉൾപ്പെട്ടേക്കാം,” ബാനർജി പറഞ്ഞു.
ഇരയുടെ കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് മമത ഇക്കാര്യം അറിയിച്ചത്. പുറത്തുനിന്നുള്ള ഒരാൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. "സംഭവം എങ്ങനെ സംഭവിച്ചുവെന്നതിൽ ഞാൻ ആശ്ചര്യപ്പെടുന്നു - നഴ്‌സുമാർ അവിടെ ഉണ്ടായിരുന്നു, സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു," മമത കൂട്ടിച്ചേർത്തു.
ആശുപത്രിയിലെ പ്രിൻസിപ്പൽ, മെഡിക്കൽ സൂപ്രണ്ട്, സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ തുടങ്ങി ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ള എല്ലാവരെയും അതാത് സ്ഥാനങ്ങളിൽ നിന്ന് നീക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിലാണ് 28കാരിയായ ഡോക്ടറുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. ബലാത്സംഗത്തിനു ശേഷം ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവെച്ചിരുന്നു. ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടായിരുന്ന സഞ്ജയ് വസിസ്തയെ സർക്കാർ തല് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ശനിയാഴ്ച കൊൽക്കത്ത പൊലീസ് ഒരു സിവിക് പോലീസ് വോളൻ്റിയറെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതിയെ കണ്ടതായി സൂചനയുണ്ട്. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ലൈംഗികാതിക്രമത്തിന്റെ സൂചനകൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഉറപ്പിനെ പ്രതിഷേധിച്ച ജൂനിയർ ഡോക്ടർമാർ തള്ളി. പ്രശ്ന പരിഹാരത്തിന് എന്തിനാണ് ഏഴ് ദിവസത്തെ സമയപരിധിയെന്ന് ഡോക്ടർമാർ ചോദിച്ചു. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ സമരം തുടരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഫോർഡ) സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ വനിതാ കമ്മിഷന്റെ രണ്ടംഗ സംഘവും കൊൽക്കത്തയിലെത്തി.
ബലാത്സംഗത്തിലും കൊലപാതകത്തിലും ഉൾപ്പെട്ട സ്വാധീനമുള്ള വ്യക്തികളെയും അവരുടെ ബന്ധുക്കളെയും സംരക്ഷിക്കാനാണ് കൂടുതൽ സമയം സർക്കാർ ചോദിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.