ഡോക്ടർമാരുടെ പണിമുടക്ക്; രോഷം, പ്രതിഷേധം
text_fieldsതിരുവനന്തപുരം: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജ് പി.ജി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പണിമുടക്കി. രാവിലെ ആറു മുതൽ ഒ.പി ബഹിഷ്കരിച്ചായിരുന്നു സമരം. അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകളും നടന്നില്ല. അക്കാദമിക പ്രവർത്തനങ്ങളിൽനിന്നും ഔദ്യോഗിക യോഗങ്ങളിൽനിന്നുമെല്ലാം ഡോക്ടർമാർ വിട്ടുനിന്നു.
ഐ.സി.യു, അത്യാഹിതവിഭാഗം, ലേബർ റൂം, രോഗികളുള്ള വാർഡുകൾ എന്നിവ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിരുന്നു. ഐ.എം.എ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയും ആരോഗ്യ ഡയറക്ടറേറ്റിന് കീഴിലെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും പങ്കെടുത്തതോടെ സർക്കാർ ആശുപത്രികളിൽ പണിമുടക്ക് പൂർണമായിരുന്നു.
സമരവിവരമറിയാതെ ഒ.പികളിലെത്തിയവർ ശരിക്കും വെട്ടിലായി. എല്ലാ മെഡിക്കൽ കോളജുകളിലും ജില്ല- ജനറൽ ആശുപത്രികളിലും രോഗികളുടെ നീണ്ടനിരതന്നെ ഉണ്ടായി. മെഡിക്കൽ കോളജ് സ്പെഷാലിറ്റി ഒ.പികളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. സവിശേഷ സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.
വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് ഡ്യൂട്ടിക്ക് ഹാജരായത്. ശനിയാഴ്ച രാവിലെ ആറു മുതൽ ഞായറാഴ്ച രാവിലെ ആറു വരെ 24 മണിക്കൂറായിരുന്നു സമരം. ഹോമിയോപതി ഡോക്ടർമാരുടെ സംഘടനയായ ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപത്സ് കേരള (ഐ.എച്ച്.കെ)യും പ്രതിഷേധ ദിനം ആചരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടർമാർ ഡ്യൂട്ടിക്ക് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.