വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല; ചോദ്യമുനയിൽ മുൻ പ്രിൻസിപ്പൽ
text_fieldsകൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ പി.ജി ഡോക്ടർ ട്രെയിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. വെള്ളിയാഴ്ച മുതൽ ഇതിനകം നിരവധി മണിക്കൂർ ഇദ്ദേഹത്തെ ചോദ്യം ചെയ്തുകഴിഞ്ഞു. സി.ബി.ഐയുടെ സിറ്റി ഓഫിസിൽ തിങ്കളാഴ്ച രാവിലെയാണ് സന്ദീപ് ഘോഷ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായത്.
മരണ വിവരം അറിഞ്ഞശേഷം എന്തു ചെയ്തു, വിവരമറിഞ്ഞെത്തിയ ഡോക്ടറുടെ മാതാപിതാക്കളെ മൂന്ന് മണിക്കൂറോളം കാത്തുനിർത്തിച്ചത് എന്തിന്, കൊലപാതകം നടന്ന നാലാം നിലയിലെ സെമിനാർ ഹാളിനോട് ചേർന്ന മുറിയിൽ നവീകരണ പ്രവൃത്തി നടത്താൻ നിർദേശിച്ചത് ആര് തുടങ്ങിയ വിവരങ്ങളാണ് സി.ബി.ഐ ചോദിച്ചത്. ഓർത്തോപീഡിക് ഡോക്ടർ കൂടിയായ സന്ദീപ് ഘോഷ് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ചിരുന്നു.
അതിനിടെ, കൊലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ നടത്തിയ പ്രതികരണത്തിന്റെ പേരിൽ രണ്ട് മുതിർന്ന ഡോക്ടർമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ലാൽബസാറിലെ കൊൽക്കത്ത പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. കൊൽക്കത്ത മെഡിക്കൽ കോളജിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് ഫിയേഴ്സ് ലെയിനിൽ പൊലീസ് തടഞ്ഞു.
ഡോ. കുനാൽ സർക്കാർ, ഡോ. സുബർണ ഗോസ്വാമി എന്നിവർക്കാണ് പൊലീസ് നോട്ടീസ് അയച്ചത്. ഇരുവരും തിങ്കളാഴ്ച പൊലീസ് മുമ്പാകെ ഹാജരായി. കൊല്ലപ്പെട്ട ഡോക്ടറുടെ പേര് സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. കീർത്തിസോഷ്യൽ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഡോക്ടറുടെ ചിത്രവും പേരും പ്രസിദ്ധീകരിച്ചത്.
നീതി വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആർ.ജി കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തിൽ പൂർവ വിദ്യാർഥികളും പങ്കുചേർന്നു. 1964 ബാച്ചിലെ ഡോക്ടർ ഉൾപ്പെടെ ധർണയിലും സമരത്തിലും പങ്കെടുത്തു. പ്രായത്തിന്റെ അവശതകൾ മറന്നാണ് പലരും സമരത്തിനെത്തിയത്. മെഡിക്കൽ കോളജിൽ സംഭവിച്ചത് ചിന്തിക്കാനാകാത്ത കാര്യമാണെന്നും സമരവുമായി തെരുവിലിറങ്ങേണ്ടത് അനിവാര്യമായെന്നും മുതിർന്ന വനിതാ ഡോക്ടർ പറഞ്ഞു. ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം തിങ്കളാഴ്ചയും സർക്കാർ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ചു. ഒ.പി വിഭാഗം പ്രവർത്തിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.