അരക്ഷിതം ഭയാനകം; ലേഡി ഡോക്ടർ ജീവിതം
text_fieldsന്യൂഡൽഹി: രാജ്യത്തെ മൂന്നിലൊന്ന് വനിത ഡോക്ടർമാരും ആശുപത്രികളിലെ രാത്രി ഷിഫ്റ്റിൽ സുരക്ഷിതത്വ ബോധമില്ലാതെയാണ് ജോലി ചെയ്യുന്നതെന്ന് പഠനം. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വൻ സമരങ്ങൾക്ക് തിരികൊളുത്തിയ പശ്ചാത്തലത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
നൈറ്റ് ഷിഫ്റ്റിലുള്ള വനിത ഡോക്ടർമാരിൽ 45 ശതമാനം പേർക്കും ആശുപത്രി അധികൃതർ ഡ്യൂട്ടി റൂം അനുവദിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. ഐ.എം.എ കേരള സ്റ്റേറ്റ് റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
സർവേ ഫലം ഇങ്ങനെ
രാജ്യത്തെ 22 സംസ്ഥാനങ്ങളിൽനിന്നായി 3885 വനിത ഡോക്ടർമാരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 85 ശതമാനം പേരും 35നു താഴെ മാത്രം പ്രായമുള്ളവരാണ്. സർേവയിൽ പങ്കെടുത്ത 35 ശതമാനം പേരും പറയുന്നത് തങ്ങൾ രാത്രി ഷിഫ്റ്റിൽ ജോലിക്ക് കയറുന്നത് ആശങ്കകളോടെയാണെന്നാണ്. 20നും 30നും ഇടയിൽ പ്രായമുള്ള 70 ശതമാനം പേർക്കും രാത്രി ഒട്ടും സുരക്ഷിതമല്ല.
വേണം വെളിച്ചവും സി.സി.ടി.വിയും
രാത്രി സമയങ്ങളിൽ ആശുപത്രി വരാന്തകളിൽ ആവശ്യത്തിന് വെളിച്ചമില്ല എന്ന പരാതിയും സർവേയിൽ പങ്കെടുത്ത മിക്ക ഡോക്ടർമാരും പങ്കുവെക്കുന്നു. പലയിടത്തും സി.സി.സി.ടി.വിയും സ്ഥാപിച്ചിട്ടില്ല.
സ്വരക്ഷക്ക് കരുതണം കത്തി
രാത്രി ഷിഫ്റ്റിൽ ജോലിക്ക് കയറുമ്പോൾ താൻ സ്ഥിരമായി ബാഗിൽ ചെറിയൊരു കത്തി കരുതാറുണ്ടെന്ന് സർവേയിൽ പങ്കെടുത്ത ഒരു ഡോക്ടർ വെളിപ്പെടുത്തി. ഏതെങ്കിലും സാഹചര്യത്തിൽ ആക്രണമുണ്ടായാൽ പ്രതിരോധിക്കാനാണത്രെ ഇത്. പല വനിത ഡോക്ടർമാരും ബാഗിൽ മുളകുപൊടി സ്പ്രേയും കരുതാറുണ്ടത്രെ.
വേണം ഡ്യൂട്ടി റൂം
രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഇടവേളകളിൽ ചെലവഴിക്കാൻ സാധാരണയായി ഡ്യൂട്ടി റൂം അനുവദിക്കാറുണ്ട്. എന്നാൽ, സർവേയിൽ പങ്കെടുത്ത 45 ശതമാനം പേർക്കും ഡ്യൂട്ടി റൂം അനുവദിച്ചിട്ടില്ല. അനുവദിക്കപ്പെട്ട ഡ്യൂട്ടി റൂമുകളുടെ അവസ്ഥ പരിതാപകരവുമാണ്. അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാത്ത റൂമുകളിൽ ഒരേസമയം ഒന്നിലധികം ഡോക്ടർമാർക്ക് ഉപയോഗപ്പെടുത്തേണ്ടിവരും. വാർഡുകളിൽനിന്നും അത്യാഹിത വിഭാഗത്തിൽനിന്നും ഏറെ അകലെയാണ് 53 ശതമാനം ഡ്യൂട്ടി റൂമുകളെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതും സുരക്ഷയെ ബാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.