കൊൽക്കത്തയിലെ മേൽപ്പാലം യു.പിയിലെ വികസനമായി കാണിച്ച് യോഗി; കളിയാക്കി തൃണമൂൽ
text_fieldsന്യൂഡൽഹി: അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കൊൽക്കത്തയിലെ മേൽപ്പാലം ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ നടപ്പാക്കിയ വികസനമായി കാണിച്ച് പരസ്യം ചെയ്ത യോഗി ആദിത്യനാഥിന് സോഷ്യൽ മീഡിയയിൽ തൃണമൂൽ കോൺഗ്രസിന്‍റെ പൊങ്കാല.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ യു.പിയിൽ ബി.ജെ.പി നടത്തിയ വികസന പ്രവർത്തനങ്ങൾ എന്ന തരത്തിലാണ് മുഴുപേജ് പരസ്യം മാധ്യമങ്ങളിൽ നൽകിയത്. എന്നാൽ മഞ്ഞ അംബാസഡർ ടാക്സികൾ ഓടുന്ന നീലയും വെള്ളയും പെയിന്‍റടിച്ച മേൽപാലം കൊൽക്കത്തയിൽ മമത സർക്കാർ നിർമിച്ച 'മാ ഫ്ലൈഓവർ' ആണെന്ന് ട്വിറ്ററാറ്റി കണ്ടെത്തി.
മേൽപാലത്തിന് സമീപത്തെ കെട്ടിടങ്ങൾ കൊൽക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലിേന്റതാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. തങ്ങൾ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് മോഷ്ടിച്ച് എട്ടുകാലി മമ്മൂഞ്ഞാകാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് തൃണമൂൽ നേതാക്കൾ കളിയാക്കി.
'യോഗി യു.പിയെ മാറ്റുക എന്നതിനർഥം മമത ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ നടപ്പാക്കിയ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ചിത്രങ്ങൾ മോഷ്ടിക്കുകയും അവ സ്വന്തമായി ഉപയോഗിക്കുകയും ചെയ്യുക എന്നാണ്! ബി.ജെ.പിയുടെ ഏറ്റവും ശക്തമായ സംസ്ഥാനമായ 'ഡബിൾ എൻജിൻ മോഡൽ' തികച്ചും പരാജയപ്പെട്ടുവെന്ന് തോന്നുന്നു, ഇപ്പോൾ എല്ലാവരുടെയും മുമ്പിൽ അത് തുറന്നുകാണിക്കപ്പെട്ടു' -തൃണമൂൽ എം.പി അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു. യോഗിയെയും മമതയെയും അദ്ദേഹം ടാഗ് ചെയ്തു.
ഹിന്ദി ഹൃദയഭൂമിയിൽ അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിൽ യോഗി പരാജയപ്പെട്ടുവെന്ന് പാർട്ടിയിൽ തന്നെ അടക്കം പറച്ചിലുണ്ട്.
കോവിഡ് മഹാമാരിക്കിടെ യു.പിയിൽ ഗംഗയിൽ മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി നടന്നതും നദിക്കരയിൽ കൂട്ടസംസ്കാരം നടത്തിയതും അന്താരാഷ്ട്ര തലത്തിൽ വാർത്തയായിരുന്നു. ഇതോടെ യു.പിയിലെ ഗ്രാമീണ മേഖലയിലടക്കം അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ കുറവും തുറന്നുകാണിക്കപ്പെട്ടിരുന്നു.
വിവാദങ്ങളിലെല്ലാം പാർട്ടിയുടെ പിന്തുണ യോഗിക്ക് ലഭിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഉയർന്ന ഈ 'പരസ്യ' വിവാദത്തിൽ പാർട്ടി ഇതുവരെ പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.