ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ വിധിച്ച് പോക്‌സോ കോടതി
text_fieldsകൊല്‍ക്കത്ത: ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി. കൊല്‍ക്കത്തയിൽ ഒന്നര വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് നിരീക്ഷിച്ച കൊല്‍ക്കത്തയിലെ പ്രത്യേക പോക്‌സോ കോടതിയുടേതാണ് നടപടി. കുറ്റവാളിക്ക് നല്‍കുന്ന ദയ നിഷ്‌കളങ്കരോടുള്ള ക്രൂരതയാകുമെന്ന സ്‌കോട്ടിഷ് ഫിലോസഫറും എക്കണോമിസ്റ്റുമായ ആദം സ്മിത്തിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.
കൊല്‍ക്കത്തയിലെ തില്‍ജാലയിൽ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അയല്‍വാസിയായ അലോക് കുമാര്‍ ഷായുടെ ഫ്‌ളാറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
ചോദ്യം ചെയ്യലില്‍ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ഇയാള്‍ സമ്മതിച്ചു. സംഭവം പ്രദേശത്ത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. കേസന്വേഷണം അതിവേഗം പൂര്‍ത്തിയാക്കിയ പൊലീസ് മൂന്ന് മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി അലോക് കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.