നേതാജിയും നെഹ്‌റുവും തടവിലടക്കപ്പെട്ട അലിപൂർ ജയിൽ ഇനി ചരിത്ര മ്യൂസിയം
text_fieldsകൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസും ജവഹർലാൽ നെഹ്‌റുവുമുൾപ്പടെ ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്തെ നിരവധി നേതാക്കൾ തടവിലടക്കപ്പെട്ട കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ അലിപൂർ ജയിൽ മ്യൂസിയമാക്കി മാറ്റി. രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ജയിൽ മ്യൂസിയമാക്കി മാറ്റിയത്. ചൊവ്വാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
നേതാജിക്കും നെഹ്‌റുവിനും പുറമെ അരബിന്ദോ ഘോഷ്, 'ദേശ്ബന്ധു' ചിത്തരഞ്ജൻ ദാസ്, കനയ്യലാൽ ദത്ത, ദിനേശ് ഗുപ്ത, പശ്ചിമ ബംഗാളിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഡോ. ബിധൻ ചന്ദ്ര റോയ് എന്നിവരും തടവിലടക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വാതന്ത്ര്യ സമര കാലത്ത് പിതാവ് നെഹ്‌റുവിനെ കാണാനായി ജയിലിലെത്തിയിരുന്നു. നെഹ്‌റു, നേതാജി, സി. ആർ ദാസ് എന്നിവർ കിടക്കേണ്ടി വന്ന ജയിലിലെ സെല്ലും കാഴ്ചക്കാർക്ക് വേണ്ടി തുറന്ന് കൊടുത്തിട്ടുണ്ട്. സ്വാതന്ത്ര്യ സമര കാലത്ത് ജയിലിൽ അരങ്ങേറിയിട്ടുള്ള സംഭവവികാസങ്ങൾ വിവരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ് മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകർഷണം. കനയ്യലാൽ ദത്തയെ പോലുള്ളവർ തൂക്കിലേറ്റപ്പെട്ട തൂക്കുമരവും പ്രദർശനത്തിനായി വെച്ചിട്ടുണ്ട്.
അലിപൂർ ജയിൽ 2019ലാണ് അടച്ചത്. ജയിലിലെ തടവുകാരെ പിന്നീട് ബരയൂപൂരിലെ മറ്റൊരു ജയിലിലേക്ക് മാറ്റി. ഇതോടയൊണ് ജയിൽ മ്യൂസിയമാക്കി പൊതുജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്ത്യയെ കുറിച്ചും സ്വാതന്ത്ര്യ സമരചരിത്രത്തെ കുറിച്ചുമുള്ള സത്യങ്ങൾ രാജ്യത്തെ പുതുതലമുറയിലേക്ക് എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ മമത ബാനർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.