കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസ്: സി.ബി.ഐ ഇന്ന് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
text_fieldsന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി കാർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് വ്യാഴാഴ്ച സുപ്രീം കോടതിയിൽ സമർപ്പിക്കും.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ചൊവ്വാഴ്ച കേസ് സ്വന്തമായി പരിഗണിച്ച് വാദം കേട്ടിരുന്നു. പി.ജി വിദ്യാർഥിനിയായ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് രാജ്യവ്യാപക പ്രതിഷേധത്തിനും ചർച്ചക്കും കാരണമായിട്ടുണ്ട്.
ചൊവ്വാഴ്ചത്തെ വാദത്തിൽ കേസ് കൈകാര്യം ചെയ്യുന്നതിലെ വിവിധ വീഴ്ചകൾക്കും ആശുപത്രിയിലെ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിനും ബംഗാൾ സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ആശുപത്രിയിലുണ്ടായ നാശനഷ്ടം സംബന്ധിച്ച് ബംഗാൾ സർക്കാരും വ്യാഴാഴ്ച തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കും. എഫ്.ഐ.ആർ വൈകിയതിന് ആശുപത്രി അധികൃതരെയും ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെയും സുപ്രീം കോടതി താക്കീത് ചെയ്തിരുന്നു.
ഇരയുടെ പേരും ചിത്രങ്ങളും മാധ്യമങ്ങളിൽ പ്രചരിച്ചതിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കടുത്ത ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തി. വനിതാ ഡോക്ടർമാരുടെ സുരക്ഷ രാജ്യതാത്പര്യമാണെന്നും അതില്ലാതെ തുല്യത എന്ന തത്വമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.