കൊൽക്കത്ത ബലാത്സംഗ കൊലപാതകം; സുപ്രീംകോടതി ഇന്ന് വാദം കേൾക്കും
text_fieldsകൊൽക്കത്ത: ആർ.ജികർ മെഡിക്കൽ കോളജിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി വാദം ഇന്ന് കേൾക്കും. സുപ്രീം കോടതി സ്വമേധയ കേസെടുത്ത സംഭവത്തിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗസ്റ്റ് 20-ന് നടന്ന വാദത്തിനിടെ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷയും ഉറപ്പാക്കാനുള്ള പ്രോട്ടോക്കോൾ രൂപീകരിക്കുന്നതിന് 10 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നത് ഉൾപ്പെടെ നിർദേശങ്ങൾ കോടതി പുറപ്പെടുവിച്ചിരുന്നു.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന് ആഗസ്റ്റ് 22ന് കോടതി കൊൽക്കത്ത പൊലീസിനെ ശാസിക്കുകയും പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് ജോലിയിലേക്ക് മടങ്ങാൻ അഭ്യർഥിക്കുകയും ചെയ്തിരുന്നു. കൊൽക്കത്ത ഹൈകോടതിയുടെ നിർദേശപ്രകാരം കേസിന്‍റെ അന്വേഷണം കൊൽക്കത്ത പൊലീസിൽ നിന്ന് സി.ബി.ഐക്ക് കൈമാറിയിരുന്നു.
ആർ.ജികർ ആശുപത്രിയിൽ വിന്യസിച്ചിരിക്കുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥർക്ക് മതിയായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലെന്നും മമത ബാനർജിയുടെ നിസ്സഹകരണം മാപ്പർഹിക്കാത്ത നടപടിയാണെന്നും ചൂണ്ടിക്കാട്ടി സെപ്റ്റംബർ മൂന്നിന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ആഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ 28കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗത്തിന് ശേഷം ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നു.
ഇതേ തുടർന്ന് പശ്ചിമ ബംഗാളിൽ ഉൾപ്പെടെ ഇന്ത്യയിലുടനീളം വ്യാപകമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇരക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് റാലികൾ സംഘടിപ്പിച്ചും സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.