കൊൽക്കത്തയിലെ ഡോക്ടർമാർ സമരം അവസാനിപ്പിക്കില്ല; മമതയുമായി ഒരു കൂടിക്കാഴ്ചക്ക് കൂടി സാധ്യത തേടി
text_fieldsകൊൽക്കത്ത: പുതിയ കമീഷണറെ നിയമിച്ചതിന് ശേഷവും സമരം അവസാനിപ്പിക്കാതെ കൊൽക്കത്തയിലെ ഡോക്ടർമാർ. കമീഷണറെ മാറ്റിയതിനൊപ്പം ആരോഗ്യവകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടായിട്ടുണ്ട്. പശ്ചിമബംഗാൾ സംസ്ഥാന സർക്കാറിന്റെ നീക്കം തങ്ങളുടെ സമരത്തിന്റെ ഭാഗിക വിജയമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയുമായി ഒരു കൂടിക്കാഴ്ച കൂടി നടത്തുന്നത് പരിഗണിക്കുകയാണെന്നും ജൂനിയർ ഡോക്ടർമാർ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ ശക്തമായ രീതിയിൽ നടപ്പാക്കുന്നത് വരെ സമരം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു. ജനറൽ ബോഡി യോഗത്തിന് ശേഷമാണ് ഡോക്ടർമാരുടെ സംഘടന ഇന്ന് നിലപാട് അറിയിച്ചത്.
അതേസമയം, ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങളിൽ 99 ശതമാനവും അംഗീകരിച്ചുവെന്ന് മമത ബാനർജി അറിയിച്ചു. ഉടൻ തന്നെ ജൂനിയർ ഡോക്ടർമാർ ജോലിയിൽ തിരികെ കയറണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, മമത ബാനർജിയുമായി ഇനിയൊരു കൂടിക്കാഴ്ചക്ക് കൂടി അനുമതി തേടി ജൂനിയർ ഡോക്ടർമാർ ചീഫ് സെക്രട്ടറിക്ക് ഇമെയിൽ അയച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
കൊൽക്കത്ത പൊലീസ് കമീഷണർ വിനീത് ഗോയലിനെ മാറ്റുക എന്നതായിരുന്നു ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതിന് പുറമേ സംസ്ഥാന ആരോഗ്യ സെക്രട്ടറി എൻ.എസ് നിഗത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. ഡോക്ടർമാർക്ക് സുരക്ഷയൊരുക്കാനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന 100 കോടിയുടെ ഫണ്ട് എങ്ങനെ ചെലവഴിക്കുന്നുവെന്ന് തങ്ങൾക്ക് അറിയണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.