കൊൽക്കത്ത ബലാത്സംഗ കൊല: ബംഗാൾ സർക്കാറിന്റെ മെല്ലെപ്പോക്കിൽ സുപ്രീംകോടതിക്ക് അതൃപ്തി
text_fieldsന്യൂഡൽഹി: ആശുപത്രികളിൽ സി.സി.ടി.വി കാമറകളും ശുചിമുറികളും പ്രത്യേക വിശ്രമ മുറികളും സ്ഥാപിക്കാത്ത പശ്ചിമ ബംഗാൾ സർക്കാറിന്റെ മെല്ലെപ്പോക്കിനെ വിമർശിച്ച് സുപ്രീംകോടതി. ഒക്ടോബർ 15നകം പ്രവൃത്തി പൂർത്തിയാക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് സർക്കാറിന് നിർദേശം നൽകി. കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് പരമോന്നത കോടതിയുടെ നിർദേശം.
ഇരയുടെ പേരും ചിത്രവും ഒരു കാരണവശാലും പ്രസിദ്ധീകരിക്കരുതെന്നും കോടതി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഇരയുടെ ചിത്രവും പേരും അടങ്ങുന്ന വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത് മാതാപിതാക്കൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും കേസ് പരിഗണനക്കെടുത്തപ്പോൾ അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ പരാമർശം. നേരത്തേതന്നെ ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയിരുന്നതാണെന്നും അത് എല്ലാ മാധ്യമങ്ങൾക്കും ബാധകമാണെന്നും കോടതി ഓർമിപ്പിച്ചു.
കൊലപാതക കേസിലും മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേട് കേസിലും സി.ബി.ഐ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ആശുപത്രിയിൽ ഇപ്പോഴും ജോലി ചെയ്യുന്നവർക്കെതിരായ വിവരങ്ങൾ സംസ്ഥാന സർക്കാറുമായി പങ്കുവെക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് കോടതി നിർദേശം നൽകി. സമരത്തിലായിരുന്ന റെസിഡന്റ് ഡോക്ടർമാർ ജോലിയിൽ അലംഭാവം കാട്ടുന്നതായി ബംഗാൾ സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കുറ്റപ്പെടുത്തി.
എന്നാൽ, ഇത് തെറ്റാണെന്നും ഡോക്ടർമാർ എല്ലാ അവശ്യ, അടിയന്തര സേവനങ്ങളും നിർവഹിക്കുന്നുണ്ടെന്നും അഭിഭാഷക ഇന്ദിര ജയ്സിങ് മറുപടി നൽകി. കോടതി നിർദേശപ്രകാരം രൂപവത്കരിച്ച ദേശീയ ദൗത്യസംഘത്തിന്റെ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട ബെഞ്ച്, കേസ് ഒക്ടോബർ 14ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.