കൊൽക്കത്ത ബലാത്സംഗ കൊല: ഇരയുടെ പേരും ചിത്രവും പുറത്തുവരരുത് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസിലെ ഇരയുടെ പേരും ചിത്രവും ഒരു കാരണവശാലും പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീംകോടതി. സമൂഹമാധ്യമങ്ങളിൽ ഇരയുടെ ചിത്രവും പേരും അടങ്ങുന്ന വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത് മാതാപിതാക്കൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും കേസ് പരിഗണനക്കെടുത്തപ്പോൾ അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീംകോടതിയുടെ നിർദേശം.
നേരത്തെ തന്നെ ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയിരുന്നതാണെന്നും അത് എല്ലാ മാധ്യമങ്ങൾക്കും ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ഓർമിപ്പിച്ചു.
അതേസമയം, അന്വേഷണ പുരോഗതി വിലയിരുത്തവെ, നാഷണൽ ടാസ്‌ക് ഫോഴ്‌സിന്‍റെ അന്വേഷണം എന്തായെന്ന കാര്യം ഒക്ടോബർ 14 നുള്ള വാദം കേൾക്കലിൽ സമർപ്പിക്കാൻ തുഷാർ മേത്തയോട് സുപ്രീം കോടതി നിർദേശിച്ചു. കേസിൽ സി.ബി.ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് കാര്യമായ സൂചനകൾ പുറത്തുവന്നത്. നിർണായക പുരോഗതിയുള്ളതായാണ് സി.ബി.ഐ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു.
സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതിലും സ്ത്രീകൾക്ക് പ്രത്യേക വിശ്രമമുറികളും ടോയ്‌ലറ്റുകളും പോലുള്ള അവശ്യ സൗകര്യങ്ങൾ നിർമ്മിക്കുന്നതിലും പശ്ചിമ ബംഗാൾ സർക്കാർ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് ഇക്കാര്യത്തിലെ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.