‘കോൻ ഹേ രാഹുൽ ഗാന്ധി?' എന്നല്ലേ ചോദിച്ചത്...
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ ബി.ജെ.പി നേതാക്കൾ കോറസായി ചോദിച്ച ചോദ്യമായിരുന്നു 'കോൻ ഹേ രാഹുൽ ഗാന്ധി?' എന്നത്. മോദിയോട് മുട്ടാൻ രാഹുൽ ആര് എന്നായിരുന്നു ആ ചോദ്യത്തിന്റെ ധ്വനി.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജസ്റ്റിസ് മദൻ ബി ലോകുർ, ഹൈകോടതി മുൻ ജസ്റ്റിസ് അജിത് പി ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം എന്നിവർ രാഹുൽ ഗാന്ധിയെയും നരേന്ദ്രമോദിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ചിരുന്നു. താൻ സംവാദത്തിന് തയ്യാറാണെന്ന് രാഹുൽ അറിയിച്ചതിനു പിന്നാലെയാണ് ബി.ജെ.പി നേതാക്കളായ തേജസ്വി സൂര്യ, സുധാൻഷു ത്രിവേദി എം.പി, സ്മൃതി ഇറാനി തുടങ്ങിയവരുടെ 'കോൻ ഹേ രാഹുൽ ഗാന്ധി?' പരിഹാസം.
ഫലംവന്നപ്പോൾ ഇവരിൽ സ്മൃതി ഇറാനി അമേത്തിയിൽ ദയനീയമായി പരാജയപ്പെടുകയും രാഹുൽ മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും ഗംഭീര ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. അതിനുപിന്നാലെ, രാഹുലിനെ കഴിഞ്ഞ ദിവസം ഇൻഡ്യ മുന്നണി പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കുക കൂടി ചെയ്തതോടെ ചിത്രം ആകെ മാറി. കാബിനറ്റ് റാങ്കോടെ രാഹുൽ ഗാന്ധി പാർലമെന്റിൽ തിളങ്ങിയ ദിവസമായിരുന്നു ഇന്ന്. സ്പീക്കർ ഓംബിർലക്ക് രാഹുൽഗാന്ധി ഹസ്തദാനം ചെയ്യുന്നത് മോദി നോക്കി നിൽക്കുന്ന ചിത്രം പങ്കുവെച്ച് പഴയ പരിഹാസത്തിന് മറുപടി നൽകുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ‘‘കോൻ ഹേ രാഹുൽ ഗാന്ധി? എന്നല്ലേ ചോദിച്ചത്.... Rahul Gandhi Is the Opposition Leader Of India…’ -എന്ന അടിക്കുറിപ്പോയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ലയെ, പ്രധാനമന്ത്രി മോദിയും പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ചേർന്നാണ് സ്പീക്കറുടെ ചേംബറിലേക്ക് ആനയിച്ചത്. മോദിയും രാഹുലും ഹസ്തദാനം ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.