കോട്ട ശിശുമരണം 104 ആയി; ഇടപെടുമെന്ന് കേന്ദ്രം
text_fieldsകോട്ട: രാജസ്ഥാനിലെ കോട്ട ജെ.കെ. ലോൺ ഗവ. ആശുപത്രിയിൽ ശിശുമരണം തുടരുന്നു. ബുധനാഴ്ച രാത്രി നാല് കുട്ടികൾ കൂടി മരിച്ചതോടെ ഡിസംബർ മുതൽ മരിച്ചവരുടെ എണ്ണം 104 ആയി. 72 മണിക്കൂറുകൾക്കുള്ളിൽ 13 കുട്ടികളാണ് മരിച്ചത്. ഇതോടെ വിഷയത്തിൽ ഇടപെടുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ അറിയിച്ചു.
ഡിസംബറിലെ അവസാന രണ്ട് ദിവസങ്ങളിൽ മാത്രം ഈ ആശുപത്രിയിൽ ഒമ്പത് കുഞ്ഞുങ്ങൾ മരിച്ചു. ഭാരക്കുറവോടെ ജനിച്ച കുട്ടികളാണ് മരിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് ദുലാറയുടെ വിശദീകരണം. ശിശുമരണം വിവാദമായതോടെ സംഭവത്തെക്കുറിച്ച വിശദമായ റിപ്പോർട്ട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അവിനാശ് പാണ്ഡെയിൽ നിന്ന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി വാങ്ങിയിട്ടുണ്ട്.
പ്രശ്നത്തിൽ പ്രതിപക്ഷത്തിെൻറ കടുത്ത വിമർശനം നേരിടുകയാണ് മുഖ്യമന്ത്രി അശോക് ഹെഗ്ലോട്ട്. ശിശുക്കൾ മരിക്കുന്ന സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ ആവശ്യപ്പെട്ടു.
കുട്ടികൾക്ക് ശരിയായ ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ സമിതിയുടെ കണ്ടെത്തൽ. ആശുപത്രി അധികൃതർ മൂന്നംഗ അന്വേഷണ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ, ദേശീയ ബാലാവകാശ കമീഷൻ നടത്തിയ പരിശോധനയിൽ ആശുപത്രിക്ക് നിരവധി പോരായ്മകൾ കണ്ടെത്തിയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറയുകയാണെന്ന് വിശദീകരിച്ചാണ് ആശുപത്രി അധികൃതർ സംഭവം ന്യായീകരിക്കുന്നത്.
രണ്ടാഴ്ചക്കകം ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനം സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വിജയ് സർദന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.