കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി
text_fieldsബംഗളൂരു: ബംഗളൂരു സിറ്റി റെയിൽവെ സ്റ്റേഷനിൽനിന്ന് മംഗളൂരു വഴി കണ്ണൂർ വരെ സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ ബംഗളൂരു- കണ്ണൂർ-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16511/16512) കോഴിക്കോട്ടേക്ക് നീട്ടി. ഇതു സംബന്ധിച്ച കത്ത് റെയിൽവേ മന്ത്രാലയം ദക്ഷിണ പശ്ചിമ റെയിൽവേ, ദക്ഷിണ റെയിൽവേ അധികൃതർക്ക് കൈമാറി.
സൗകര്യപ്രദമായ ഏറ്റവുമടുത്ത തീയതിയിൽ സ്റ്റേഷൻ മാറ്റം പ്രാബല്യത്തിൽ വരുത്തണമെന്നാണ് നിർദേശം. അടുത്ത തീയതിയിൽ മാറ്റം നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ ഈ ട്രെയിൻ കെ.എസ്.ആർ ബംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16511), കോഴിക്കോട്-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16512) എന്ന പേരിലാകും സർവിസ് നടത്തുക.
കെ.എസ്.ആർ ബംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16511) എല്ലാ ദിവസവും രാത്രി 9.35ന് കെ.എസ്.ആർ ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് യശ്വന്ത്പുർ (9.45), കുനിഗൽ (10.44), ശ്രാവണ ബെലഗോള (11.31), ഹാസൻ ( രാത്രി 12.35), മംഗളൂരു ജങ്ഷൻ (പുലർച്ചെ 6.50), കാസർക്കോട് (രാവിലെ 8.21) കണ്ണൂർ (10.55) വഴി ഉച്ചക്ക് 12.40നാണ് കോഴിക്കോട്ടെത്തുക. കോഴിക്കോടിനും കണ്ണൂരിനുമിടയിൽ തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
കോഴിക്കോടുനിന്ന് വൈകീട്ട് 3.30ന് പുറപ്പെടുന്ന കണ്ണൂർ (5.05), കാസർകോട് (6.13), മംഗളൂരു ജങ്ഷൻ (8.25), സുബ്രഹ്മണ്യ റോഡ് (10.10), ഹാസൻ (പുലർച്ച 2.50), ശ്രാവണബെലഗോള (3.30), കുനിഗൽ (4.19), യശ്വന്ത്പുർ (6.02) വഴി 6.35ന് കെ.എസ്.ആർ ബംഗളൂരുവിലെത്തും.
അതേസമയം, ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള പുതിയ സർവിസിലെ യാത്രക്ക് കൂടുതൽ സമയമെടുക്കുമെന്നതിനാൽ പതിവ് യാത്രക്കാർ ഈ ട്രെയിനിനെ ആശ്രയിക്കാൻ സാധ്യതയില്ല. മംഗളൂരുവഴിയുള്ള ഈ ട്രെയിനിന് കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് 15 മണിക്കൂറിലേറെയാണ് യാത്ര ദൈർഘ്യം.
കണ്ണൂരിൽനിന്ന് കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, സേലം വഴി ബംഗളൂരുവിലേക്ക് പോകുന്ന കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് (16528) കോഴിക്കോടുനിന്ന് 12 മണിക്കൂർകൊണ്ട് ബംഗളൂരുവിലെത്തും. അധിക സമയമെടുത്താലും ഉത്സവ-ആഘോഷ സീസണുകളിൽ സ്വകാര്യ ബസുകളുടെ അമിതനിരക്കിൽനിന്ന് അത്യാവശ്യ യാത്രക്കാർക്ക് പുതിയ സർവിസ് ഉപകാരപ്രദമാകും.
അതേസമയം, ബംഗളൂരുവിൽനിന്ന് സേലം, പാലക്കാട് വഴി കോഴിക്കോട്ടേക്ക് പുതിയ ട്രെയിൻ അനുവദിക്കണമെന്ന് യാത്രക്കാർ നിരന്തരം ആവശ്യമുന്നയിച്ചിട്ടും റെയിൽവേ അവഗണിക്കുകയാണ്.
മൈസൂരു-കൊച്ചുവേളി എക്സ്പ്രസിന് മദ്ദൂരിൽ സ്റ്റോപ്പ് അനുവദിച്ചു
ബംഗളൂരു: മൈസൂരു-കൊച്ചുവേളി-മൈസൂരു എക്സ്പ്രസിന് (16315/ 16316) മണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു.
ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചത്. മൈസൂരുവിൽനിന്ന് ഉച്ചക്ക് 12.45ന് പുറപ്പെടുന്ന ട്രെയിൻ മാണ്ഡ്യയിൽ 1.30നും മദ്ദൂരിൽ 1.50നും എത്തും.
തിരിച്ച് കൊച്ചുവേളിയിൽനിന്ന് വൈകീട്ട് 4.45ന് എടുക്കുന്ന ട്രെയിൻ രാവിലെ 8.15ന് ബംഗളൂരു സിറ്റി റെയിൽവെ സ്റ്റേഷനിലും 9.44ന് മദ്ദൂരിലുമെത്തും.
ആനേക്കലിലെ റിസർവേഷൻ സെന്റർ പുനരാരംഭിക്കും
ബംഗളൂരു: ആനേക്കലിലെ കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സെന്റർ ഫെബ്രുവരി ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെ റിസർവേഷൻ കേന്ദ്രം പ്രവർത്തിക്കും. കോവിഡ് ലോക്ക്ഡൗൺ സമയത്ത് അടച്ചിട്ട കേന്ദ്രമാണ് ഇപ്പോൾ വീണ്ടും യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് തുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.