അപകടത്തിൽ ജനനേന്ദ്രിയം നഷ്ടമായ യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം
text_fieldsബെംഗളൂരു: വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് സഹായവുമായി കർണാടക ഹൈക്കോടതി. അപകടത്തിനിരയായ ബസവരാജു എന്ന യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
നേരത്തെ മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ (എം.എ.സി.ടി) 50,000 രൂപയായിരുന്നു നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. മറ്റ് ക്ലെയിമുകൾ ഉൾപ്പെടെ മൊത്തം 3.73 ലക്ഷം രൂപ നൽകാനായിരുന്നു എം.എ.സി.ടി ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടത്്. എന്നാൽ, താൻ നേരിട്ട അപകടത്തിന്‍റെ ആഘാതവുമായി താരതമ്യം ചെയ്യുേമ്പാൾ ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടികാട്ടി യുവാവ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
വാദം പരിഗണിച്ച ഹൈക്കോടതി തുക 10 ലക്ഷം രൂപയായി വർധിപ്പിക്കുകയും മൊത്തം 17.68 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടു. ബസവരാജു ആകെ 11.75 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ പരിതാപകരമായ അവസ്ഥ പരിഗണിച്ച് കോടതി കൂടുതൽ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.
2011ലാണ് ബസവരാജു റോഡിലൂടെ നടക്കുമ്പോൾ പിന്നിൽ നിന്ന് ട്രക്ക് ഇടിച്ചത്. അപകടത്തിൽ ജനനേന്ദ്രിയത്തിന് സാരമായി പരിക്കേറ്റു. കേസിന്‍റെ എല്ലാ വശങ്ങളും കോടതി സൂക്ഷ്മമായി പരിഗണിച്ചു. അപകടം കാരണം യുവാവിന് വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാനുള്ള സാധ്യതയാണ് ഇല്ലാതായത്. നഷ്ടപരിഹാരമായി പണം നൽകിയത് കൊണ്ട് മാത്രം അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നേരിട്ട ഈ ആഘാതം ഒരിക്കലും നികത്താനാവില്ല. ഭാവിയിലെ അദ്ദേഹത്തിന്‍റെ വേദനയും കഷ്ടപ്പാടും നികത്താനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
ഹർജിക്കാരൻ ഒന്നുകിൽ അവിവാഹിതനായി ജീവിതം നയിക്കണം. അഥവാ വിവാഹിതനായാൽ പോലും കുട്ടികളുണ്ടാകില്ല. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് നഷ്ടപരിഹാര തുക വർധിപ്പിച്ചതെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.