വിമർശിക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ തെലങ്കാനക്ക് വേണ്ടി എന്ത് ചെയ്തു എന്ന് വ്യക്തമാക്കൂ; അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി കെ.ടി.ആർ
text_fieldsഹൈദരാബാദ്: മകനെ മുഖ്യമന്ത്രിയാക്കുക മാത്രമാണ് ബി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖരറാവുവിന്‍റെ ഉദ്ദേശമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കെ.ടി രാമറാവു. അമിത് ഷാ നടത്തിയ പരാമർശങ്ങൾ കള്ളമാണെന്നും തെലങ്കാനയിൽ ഷാ പരിഹാസപാത്രമായി സ്വയം മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഷാ രാജവംശ ഭരണത്തെക്കുറിച്ച് പറയുന്നത് ഒരുതരം വിരോധാഭാസമാണ്. ആദിലാബാദിൽ വെച്ച് ഷാ നടത്തിയ പരാമർശങ്ങൾ കള്ളമാണ്. തെലങ്കാനയിൽ ഷാ സ്വയം ഒരു പരിഹാസപാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ബി.സി.സി.ഐ ചെയർമാനായി ചുമതലയേൽക്കുന്നതിന് മുമ്പ് ഷായുടെ മകൻ ജയ് ഷാ എവിടെയാണ് ക്രിക്കറ്റ് കളിച്ചതെന്നും കോച്ചിങ് എവിടെ നിന്നായിരുന്നുവെന്നും വ്യക്തത വരുത്തട്ടെ. അഞ്ച് വർഷം മുമ്പ് ആദിലാബാദിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ പ്രവർത്തനരഹിതമായ സിമന്‍റ് കോർപറേഷന്‍റ് ഓഫ് ഇന്ത്യയെ പുനരുജ്ജീവിപ്പിക്കുമെന്ന് ഷാ പറഞ്ഞിരുന്നു. അര പതിറ്റാണ്ട് പിന്നിട്ടിട്ടും വിഷയത്തിൽ യാതൊരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല" രാമറാവു പറഞ്ഞു. കേന്ദ്രസർക്കാർ തെലങ്കാനയെ മനപ്പൂർവം ഒഴിവാക്കുകയാണെന്നും, സംസ്ഥാനം രൂപീകൃതമായതിന് ശേഷം ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും തങ്ങൾക്ക് കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും കെ.ടി.ആർ കൂട്ടിച്ചേർത്തു.
കർഷക ആത്മഹത്യകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം തെലങ്കാനയാണെന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ പരാമർശം തെറ്റാണ്. ജനങ്ങൾഡക്കിടയിൽ സ്പർധയുണ്ടാക്കാനും രാഷ്ട്രീയ നേട്ടങ്ങൾക്കായും മതത്തെ ആയുധമാക്കുന്നത് ബി.ജെ.പിക്ക് താത്പര്യമുള്ള വിഷയമാണ്. വിമർശിക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ തെലങ്കാനക്ക് വേണ്ടി എന്ത് ചെയ്തു എന്നതിൽ ഷാ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെന്നും കെ.ടി.ആർ വ്യക്തമാക്കി.
ചൊവ്വാഴ്ച ആദിലാബാദിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷാ തെലങ്കാന മന്ത്രിസഭയേയും കെ.സി.ആറിനെയും വിമർശിച്ച് രംഗത്തെത്തിയത്. പാവങ്ങൾക്ക് വേണ്ടി അദ്ദേഹം പ്രയത്നിച്ചിട്ടില്ലെന്നും
കെ.സി.ആറിന്‍റെ ഏക ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുക മാത്രമാണെന്നുമായിരുന്നു ഷായുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.