'എൻ.ഡി.എക്കൊപ്പം ചേരാൻ ഞങ്ങളെ ഭ്രാന്തൻപട്ടിയൊന്നും കടിച്ചിട്ടില്ല'; മോദിയെ രൂക്ഷമായി വിമർശിച്ച് ബി.ആർ.എസ് നേതാവ്
text_fieldsഹൈദരാബാദ്: ബി.ആർ.എസ് എൻ.ഡി.എക്കൊപ്പം ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ എതിർത്ത് വർക്കിങ് പ്രസിഡന്‍റ് കെ. ടി രാമറാവു. മോദിയെപോലെ ഒരു വഞ്ചകനുമായി കൂട്ടുകൂടാൻ പോരാളിയായ കെ.സി.ആർ തയ്യാറാകില്ലെന്നും എൻ.ഡി.എയിൽ ചേരാനുള്ള തീരുമാനമെടുക്കാൻ മാത്രം തങ്ങളെ ഭ്രാന്തുള്ള പട്ടിയൊന്നും കടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2020ൽ ഒരു പൊതുയോഗത്തിനിടെ കെ. ചന്ദ്രശേഖര റാവുവിന് എൻ.ഡി.എയുടെ ഭാഗമാകാൻ താത്പര്യമുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും എന്നാൽ ഇത് താൻ എതിർത്തുവെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം. ഇത്തരം പരാമർശങ്ങളിലൂടെ പെരുംനുണകളുടെ ഫാക്ടറിയാണ് തങ്ങളെന്ന് മോദി ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുകയാണെന്ന് കെ.ടി.ആർ പറഞ്ഞു.
"മോദിയെപോലെ ഒരു വഞ്ചകനുമായി കൂട്ടുകൂടാൻ ഒരിക്കലും കെ.സി.ആറിനെ പോലെ ഒരു പോരാളി ശ്രമിക്കില്ല. വ്യാജ പ്രചരണങ്ങൾ നടത്തുന്നതിലൂടെ പ്രധാനമന്ത്രി തന്‍റെ സ്ഥാനത്തെയാണ് അപമാനിച്ചിരിക്കുന്നത്" അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.ടി.ആറിനെ പാർട്ടിയിൽ ഉയർന്ന പദവികൾ വഹിക്കാനാകുവിധം ഉയർച്ചയുണ്ടാകുന്നതിന് കെ. ചന്ദ്രശേഖര റാവു മോദിയിൽ നിന്നും അനുഗ്രഹം വാങ്ങിയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. തങ്ങളുടെ പാർട്ടിയിൽ നടക്കുന്ന കാര്യങ്ങൾക്ക് മോദിയോട് അഭിപ്രായം ചോദിക്കുന്നത് എന്തിനാണെന്നും അത്തരം വിഡ്ഢിത്തങ്ങൾ ചെയ്യാൻ തങ്ങളെ ഒരു ഭ്രാന്തുള്ള പട്ടിയും കടിച്ചിട്ടില്ലെന്നും കെ.ടി.ആർ വ്യക്തമാക്കി.
"കുടുംബവാഴ്ചയെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മോദി എന്തുകൊണ്ടാണ് അമിത് ഷായുടെ മകൻ ജയ് ഷാ ബി.സി.സി.ഐയുടെ ചുമതലയേറ്റെടുത്തപ്പോൾ ഒരു വാക്കുപോലും സംസാരിക്കാതിരുന്നത്? കുടുംബവാഴ്ചയെ കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം പ്രധാനമന്ത്രി സംസാരിക്കേണ്ടത് ഈ വിഷയത്തെ കുറിച്ചല്ലേ? ബി.ജെ.പി നേതാക്കൾക്ക് തെലങ്കാനയിലേക്ക് എപ്പോൾ വേണമെങ്കിലും വരാം, മടങ്ങാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 105 സീറ്റിന് വേണ്ടി ചെലവാക്കിയ പണം ബി.ജെ.പിക്ക് നഷ്ടമായിരുന്നു. ഇത്തവണ 110 സീറ്റിലേക്കും ചെലവഴിക്കുന്ന പണം ബി.ജെ.പിക്ക് നഷ്ടമാകും. ഇക്കുറി ഒരു എം.പി പോലും തെലങ്കാനയിൽ നിന്നും ബി.ജെ.പിക്കുണ്ടാകില്ല"- കെ.ടി.ആർ കൂട്ടിച്ചേർത്തു.
ജനതാദൾ യുണൈറ്റഡ്, ശിരോമണി അകാലി ദൾ, തെലുങ്കു ദേശം പാർട്ടി, ശിവസേന തുടങ്ങിയവരൊക്കെ എൻ.ഡി.എയിൽ നിന്നും പിന്മാറി. ഇപ്പോൾ എൻ.ഡി.എക്കൊപ്പം ആകെയുള്ളത് സി.ബി.ഐയും ഇ.ഡിയും ഐ.ടിയും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കള്ളങ്ങൾ മാത്രം പറയുന്ന മോദിയെ പോലെ ഒരു നേതാവുമായി ഒരിക്കലും കൂട്ടുകൂടാൻ കെ.സി.ആറിനെ പോലെ ഒരു നേതാവിന് സാധിക്കില്ല. വരും തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രാർഥനയോടെയും പിന്തുണയോടെയും കെ.സി.ആർ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.