‘സംഘർഷത്തിനു പിന്നിൽ കുക്കി കുടിയേറ്റക്കാർ’: അമിത് ഷായുടെ പ്രസ്താവനയിൽ രോഷം
text_fieldsചുരാചന്ദ്പുർ: സംസ്ഥാനത്തെ ഇപ്പോഴത്തെ അക്രമസംഭവങ്ങൾക്ക് കാരണം മ്യാന്മറിൽ നിന്നുള്ള കുക്കികളുടെ അനധികൃത കുടിയേറ്റമാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ മണിപ്പൂരിൽ രോഷം പുകയുന്നു.
2021ൽ മ്യാന്മറിൽ പട്ടാള ഭരണകൂടം അടിച്ചമർത്തൽ തുടങ്ങിയതിനെ തുടർന്ന് അവിടെനിന്ന് പലായനം ചെയ്ത കുക്കി അഭയാർഥികളുടെ വരവാണ് മണിപ്പൂരിൽ അസ്ഥിരത സൃഷ്ടിച്ചതെന്ന് ഇക്കഴിഞ്ഞ ഒമ്പതിന് അമിത് ഷാ പാർലമെന്റിൽ പ്രസ്താവിച്ചിരുന്നു. ആഭ്യന്തരമന്ത്രി ഇക്കാര്യം വിശദീകരിക്കണമെന്ന് സംസ്ഥാനത്തെ കുക്കി-സോമി സംഘടനകൾ ആവശ്യപ്പെട്ടു.
ഷായുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ശനിയാഴ്ച ചുരാചന്ദ്പുരിൽ റാലി സംഘടിപ്പിച്ചു. മണിപ്പൂർ സംയുക്ത വിദ്യാർഥി കൂട്ടായ്മയുടെ (ജെ.എസ്.ബി) നേതൃത്വത്തിലാണ് റാലി നടന്നത്.
സോമി സ്റ്റുഡന്റ്സ് ഫെഡറേഷൻ, കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ, ഹമർ സ്റ്റുഡന്റ്സ് അസോസിയേഷൻ എന്നിവയുടെ കൂട്ടായ്മയാണ് ജെ.എസ്.ബി. അഭയാർഥികൾ മണിപ്പൂർ താഴ്വരയിലെ കാടുകളിൽ താമസമുറപ്പിക്കുകയായിരുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു.
പിന്നീട് ഈ മേഖല ഗ്രാമങ്ങളായി പ്രഖ്യാപിച്ച് മേഖലയിലെ ജനസംഖ്യാനുപാതം തെറ്റുമെന്ന് അഭ്യൂഹം പരന്നുവെന്നും അതാണ് സംഘർഷത്തിന് തുടക്കമെന്നുമായിരുന്നു ഷാ പറഞ്ഞത്.ഇതിനിടെ, ഇപ്പോഴും സംസ്കരിക്കാതെ മോർച്ചറിയിൽ കിടക്കുന്ന മൃതദേഹങ്ങൾ ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റക്കാരുടേതാണെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സുപ്രീംകോടതിയിലെ പ്രസ്താവനക്കെതിരെയും സംഘടനകൾ രംഗത്തുവന്നു.
പ്രസ്താവന ഗോത്രസംഘടനകൾ ഏറെ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ സോളിസിറ്റർ ജനറൽ തെളിവുനൽകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
കുക്കി-സോമി ബുദ്ധിജീവികൾക്കും നേതാക്കൾക്കുമെതിരെ നിരവധി കേസുകൾ ചമയ്ക്കുകയാണെന്നും ഇത് തങ്ങളെ നിശ്ശബ്ദരാക്കാനുള്ള നീക്കമാണെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.