ഇംഫാലിൽ പോകാൻ ഭയം; കുക്കി എം.എൽ.എമാർ നിയമസഭക്കെത്തില്ല
text_fieldsഇംഫാൽ: ആഗസ്റ്റ് 21ന് ചേരുന്ന മണിപ്പൂർ നിയമസഭ സമ്മേളനത്തിൽ കുക്കി എം.എൽ.എമാർ പങ്കെടുക്കില്ലെന്ന് സമുദായ നേതാക്കൾ. ഭരണകക്ഷിയിലുള്ളവർപോലും പങ്കെടുക്കില്ലെന്നാണ് സൂചന. തങ്ങൾക്കുനേരെ അതിക്രമം നടന്നേക്കുമെന്ന ഭയമാണ് തലസ്ഥാന നഗരത്തിലെത്താൻ തടസ്സമാകുന്നത്. സംഘർഷത്തിന്റെ സാഹചര്യത്തിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് ചുരാചന്ദ്പൂരിലെ ബി.ജെ.പി എം.എൽ.എയായ എൽ.എം. ഖോട്ടെ പറഞ്ഞു.
സംസ്ഥാനത്ത്, സംഘർഷം ഏറ്റവും ശക്തമായി തുടരുന്ന ജില്ലകളിലൊന്നാണ് ചുരാചന്ദ്പൂർ. 60 അംഗ സഭയിൽ കുക്കി വിഭാഗത്തിലെ 10 എം.എൽ.എമാരാണുള്ളത്. ഏഴുപേരും ഭരണകക്ഷിയായ ബി.ജെ.പി അംഗങ്ങൾ. നേരത്തേ, കടുത്ത ആക്രമണത്തിനിരയായ ബി.ജെ.പി എം.എൽ.എ വുങ്സാഗിൻ വാൾട്ടെ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
ഇംഫാൽ യാത്ര ഒഴിവാക്കാൻ സമുദായ എം.എൽ.എമാരോട് കുക്കി സംഘടനകളായ കുക്കി ഇൻപി മണിപ്പൂർ, കുക്കി സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ, കുക്കി ചീഫ്സ് അസോസിയേഷൻ, കുക്കി വിമൻ യൂനിയൻ എന്നിവ ആവശ്യപ്പെട്ടു. അതേസമയം, കുക്കി എം.എൽ.എമാർ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിയമസഭ സമ്മേളനത്തിന് വരുന്നവർക്ക് സുരക്ഷയൊരുക്കുമെന്ന് മെയ്തേയ് സംഘടനയായ കൊക്കോമി അറിയിച്ചു.
നാഗ എം.എൽ.എമാരും ഇത്തവണ സഭക്കെത്തില്ലെന്നാണ് സൂചന. അവരോടും വിട്ടുനിൽക്കാൻ നാഗ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 10 അംഗങ്ങളാണ് നാഗകൾക്കുള്ളത്.
കൊള്ളയടിച്ച 1195 ആയുധങ്ങൾ വീണ്ടെടുത്തു
ഇംഫാൽ: മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദികൾ കവർന്ന ആയുധങ്ങളിൽ 1195 എണ്ണം ഇതുവരെയായി തിരിച്ചുകിട്ടിയതായി പൊലീസ്. താഴ്വരയിലെ ജില്ലകളിൽ 1057ഉം മലനിരകളിൽ 138 എണ്ണവുമാണ് വീണ്ടെടുത്തത്. കവർന്ന ആയുധങ്ങളും വെടിക്കോപ്പുകളും തിരിച്ചുപിടിക്കാൻ സുരക്ഷസേന റെയ്ഡ് തുടരുകയാണെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.