ജാദവിന്റെ ദയാഹരജി: വ്യാജ പ്രചരണം നടത്തരുതെന്ന് പാകിസ്താനോട് ഇന്ത്യ
text_fieldsന്യൂഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക് ജയിലിൽ കഴിയുന്ന നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ ദയാഹരജി കെട്ടിച്ചമച്ചതാണോ എന്ന് സംശയിക്കുന്നതായി ഇന്ത്യ. അന്താരാഷ്ട്ര കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ പ്രചരണവുമായി എത്തരുതെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നൽകി. ഒട്ടും സുതാര്യമല്ലാത്ത പൊറാട്ടു നാടകമാണ് പാക് ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
ജാദവിനെ കാണാൻ ഇതുവരെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താൻ അനുവദിച്ചിട്ടില്ല. ഇപ്പോൾ പറയുന്ന ദയാഹരജി വ്യാജമാണോ എന്ന് സംശയിക്കുന്നു. കേസിൽ ജാദവിന്റെ നീതി ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് കുൽഭൂഷൺ ജാദവ് കുറ്റസമ്മതം നടത്തുന്നതെന്ന് അവകാശപ്പെടുന്ന രണ്ടാമത്തെ വിഡിയോ പാക് സൈന്യം പുറത്തുവിട്ടത്. പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വക്ക് ജാദവ് ദയാഹരജി നൽകിയെന്ന വാർത്തയും പുറത്തു വന്നിരുന്നു. പാകിസ്താനിൽ ചാരവൃത്തി, തീവ്രവാദ പ്രവർത്തനം തുടങ്ങിയവയിൽ താൻ ഏർപെട്ടിരുന്നതായി സമ്മതിച്ച ജാദവ്, അതുവഴി ജീവനും സ്വത്തിലും ഉണ്ടായ നഷ്ടത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അധികൃതർ അറിയിച്ചു.
സൈനിക അപ്പലറ്റ് കോടതിക്ക് ജാദവ് സമർപിച്ച ഹരജി തള്ളിയിരുന്നു. പാകിസ്താനിലെ നിയമമനുസരിച്ച് ചീഫ് ഒാഫ് ആർമി സ്റ്റാഫിന് ദയാഹരജി സമർപിക്കാം. അദ്ദേഹം നിരസിച്ചാൽ പാക് പ്രസിഡൻറിനും നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.