ഹരിയാന കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്‌ണോയി എം.എൽ.എ സ്ഥാനം രാജിവച്ചു; നാളെ ബി.ജെ.പിയിൽ ചേരും, മകനെ മത്സരിപ്പിക്കാൻ മോഹം
text_fieldsചണ്ഡിഗഢ് : ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എ കുൽദീപ് ബിഷ്‌ണോയി നിയമസഭയിൽ നിന്നും രാജിവച്ചു. നിയമസഭാ സ്പീക്കർ ജിയാൻ ചന്ദ് ഗുപ്തയ്ക്ക് ബിഷ്‌ണോയി രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയിൽ ചേരുമെന്ന് ബിഷ്‍ണോയി അറിയിച്ചിട്ടുണ്ട്.
താൻ രാജിവെച്ചൊഴിയുന്ന ആദംപൂർ സീറ്റിൽ ഉപതെരഞ്ഞെടുപ്പിൽ മകൻ ഭവ്യയെ മത്സരിപ്പിക്കാനുള്ള മോഹം 53കാരനായ ബിഷ്‍ണോയി പരസ്യമാക്കി. ബി.ജെ.പിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ വെല്ലുവിളി സ്വീകരിച്ച് താൻ ഇപ്പോൾ രാജിവെക്കുന്നതെന്ന് ബിഷ്‍ണോയി പറഞ്ഞു.
ആദംപൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹൂഡയെ വെല്ലുവിളിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെയും പ്രവർത്തന ശൈലി ബിഷ്‌ണോയ് പ്രകീർത്തിച്ചു. ജൂണിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിന് തൊട്ടുപിന്നാലെ ബിഷ്‌ണോയിയെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് പുറത്താക്കിയിരുന്നു.
നാല് തവണ എം.എൽ.എയും രണ്ട് തവണ എം.പിയുമായിരുന്ന അദ്ദേഹം മുമ്പ് തന്നെ പാർട്ടി നേതൃത്വവുമായി ഇടഞ്ഞിരുന്നു. ഈ വർഷം ആദ്യം നടന്ന നവീകരണത്തിനിടെ ഹരിയാന യൂനിറ്റ് മേധാവി സ്ഥാനത്തേക്ക് പാർട്ടി തന്നെ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിഷ്‍ണോയി പ്രതിഷേധം ഉയർത്തിയിരുന്നു.
ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ ഇളയമകനെ സംബന്ധിച്ചിടത്തോളം ഇത് കോൺഗ്രസുമായുള്ള രണ്ടാം വേർപിരിയലാണ്. ഏകദേശം ആറ് വർഷത്തിന് ശേഷമാണ് അദ്ദേഹം തിരികെ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.