ധർമെഗൗഡയുടെ മരണം: രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള 'കൊലപാതക'മെന്ന് എച്ച്.ഡി. കുമാരസ്വാമി
text_fieldsബംഗളൂരു: നിയമനിർമാണ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ധർമെഗൗഡയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു. കൗൺസിലിലുണ്ടായ സംഭവങ്ങളിൽ ധർമെഗൗഡ അസ്വസ്ഥനായിരുന്നു. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള 'കൊലപാതക'മാണ്.
കൗൺസിലിൽ ധർമെഗൗഡയെ കൈയേറ്റം ചെയ്തവരെ ചോദ്യം ചെയ്യണം. അവർ എന്തെങ്കിലും തെറ്റി ചെയ്തിരുന്നോ എന്ന് സ്വയം ആലോചിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. ധർമെഗൗഡയുടെ മരണത്തിൽ കോൺഗ്രസിനെ ഉന്നമിട്ടാണ് കുമാരസ്വാമിയുടെ ആരോപണമെങ്കിലും പാർട്ടിയുടെ പേര് പരാമർശിച്ചിട്ടില്ല.
ചെയർമാെൻറ കസേരയിലിരുന്നത് തെറ്റല്ലെന്ന് ധർമെഗൗഡയെ പറഞ്ഞു മനസ്സിലാക്കിയിരുന്നുവെങ്കിലും അദ്ദേഹം അസ്വസ്ഥനായിരുന്നു.
അതേസമയം, കുമാരസ്വാമിയുടെ ആരോപണങ്ങളോട് പ്രതികരിക്കാൻ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ തയാറായില്ല. സുഹൃത്തിനെയാണ് കുമാരസ്വാമിക്ക് നഷ്ടപ്പെട്ടതെന്നും അതിനാൽ അദ്ദേഹം വൈകാരികമായി പ്രതികരിച്ചതായിരിക്കുമെന്നും ഈ സാഹചര്യത്തിൽ ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും ശിവകുമാർ പറഞ്ഞു.
ധർമെഗൗഡയുടെ വിയോഗം നിർഭാഗ്യകരം–യെദിയൂരപ്പ
ബംഗളൂരു: ധർമെഗൗഡയുടെ അകാല നിര്യാണം ഏറ്റവും നിർഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ആത്മാവിന് നിത്യശാന്തി നേരുന്നു. ആഘാതത്തിൽനിന്ന് കരകയറാൻ അദ്ദേഹത്തിെൻറ കുടുംബത്തിനും അനുയായികൾക്കും ശക്തി നൽകട്ടെയെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കൗൺസിലിൽ ഡെപ്യൂട്ടി ചെയർമാനായി ധർമെഗൗഡ വഹിച്ച പങ്കിനെക്കുറിച്ചും യെദിയൂരപ്പ വിശദീകരിച്ചു.
വലിയ നഷ്ടം -ദേവഗൗഡ
ധർമെഗൗഡയുടെ ആത്മഹത്യ ഞെട്ടിപ്പിക്കുന്നതാണെന്ന് ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. ശാന്തനും ആദരണീയനുമായ നേതാവായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും ദുഃഖിതരായ കുടുംബത്തിന് ദൈവം ശക്തി നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സഹോദരനെപ്പോലെ -കുമാരസ്വാമി
ധർമെഗൗഡ തനിക്ക് സഹോദരനെ പോലെയായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. അദ്ദേഹത്തിെൻറ മരണം ഞെട്ടിച്ചു. അദ്ദേഹം നേരുള്ള രാഷ്ട്രീയക്കാരനായിരുന്നുവെന്നും കുമാരസ്വാമി ട്വീറ്റിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.