ഹിന്ദി ഭാഷ അടിച്ചേൽപിക്കാൻ ശ്രമിച്ച ആയുഷ് സെക്രട്ടറിക്കെതിരെ നടപടി വേണം -എച്ച്.ഡി. കുമാരസ്വാമി
text_fieldsബംഗളൂരു: ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്ന തരത്തിൽ സർക്കാർ ചടങ്ങിൽ പ്രസ്താവന നടത്തിയ ആയുഷ് വകുപ്പ് സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് ജെ.ഡി-എസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച ഒാൺലൈൻ പരിശീലനത്തിൽ സംസാരിക്കുന്നതിനിടെയാണ് സെക്രട്ടറി രാജേഷ് കൊേട്ടച്ച വിവാദ പരാമർശം നടത്തിയത്. ഹിന്ദി സംസാരിക്കാനറിയാത്തവർക്ക് പരിപാടിയിൽനിന്ന് വിട്ടുപോകാമെന്നും തനിക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഹിന്ദി ഭാഷ മറ്റുള്ളവർക്കുമേൽ അടിച്ചേൽപിക്കുന്ന നാണംകെട്ട പ്രവണതയാണിതെന്ന് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്ത കുമാരസ്വാമി, ഇത് ഇംഗ്ലീഷ് സംസാരിക്കരുതെന്ന അഭ്യർഥനയാണോ എന്നും ചോദിച്ചു. എല്ലാ ഭാഷകളും ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തിെൻറ ഭാഗമാണെന്നും ആയുഷ് സെക്രട്ടറിയുടേത് ഭരണഘടനാ വിരുദ്ധ പ്രസ്താവനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാദ സംഭവം പരാമർശിച്ച്, ഹിന്ദി സംസാരിക്കാത്തവർക്കുനേരെയുള്ള വിവേചനമാണിതെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽനിന്നുള്ള ഡോക്ടർമാർ ആയുഷ് മന്ത്രാലയത്തിന് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. തമിഴ്നാട്ടിൽ ഡി.എം.കെ നേതാവ് സ്റ്റാലിൻ അടക്കം നിരവധി രാഷ്ട്രീയ നേതാക്കളും വിഷയം ഏറ്റുപിടിച്ചിരുന്നു.
എന്നാൽ, വിവാദം കെട്ടിച്ചമച്ചതാണെന്നാണ് രാജേഷ് കൊേട്ടച്ചയുടെ വാദം. താൻ ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കുമെന്ന് അറിയിച്ചിരുന്നു. ഉത്തരേന്ത്യയിൽനിന്നുള്ള പ്രതിനിധികൾ ഹിന്ദിയിൽ സംസാരിക്കാനാണ് തന്നോട് ആവശ്യപ്പെട്ടത്. എന്നാൽ, ചിലർ ഇംഗ്ലീഷിൽ മാത്രം സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളംവെച്ചു. പറ്റില്ലെന്നും ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കുമെന്നും താൻ മറുപടി പറഞ്ഞെങ്കിലും അവർ കേട്ടില്ലെന്ന് ആയുഷ് സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.