‘ഞാൻ കോൺഗ്രസ് തന്നെ, പാർട്ടി അവഗണിച്ചിട്ടില്ല’; ബി.ജെ.പിയിലേക്കെന്ന ആരോപണം തള്ളി കുമാരി ഷെൽജ
text_fieldsന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുമെന്ന ആരോപണം തള്ളിയും കോൺഗ്രസിനോടുള്ള കൂറ് ആവർത്തിച്ചും ദലിത് നേതാവും എം.പിയുമായ കുമാരി ഷെൽജ. താൻ കോൺഗ്രസ് തന്നെയെന്ന് ഷെൽജ മാധ്യമങ്ങളോട് വ്യക്തമാക്കി. പാർട്ടി അവഗണിച്ചിട്ടില്ലെന്നും ഇതെല്ലാം രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും ഷെൽജ ചൂണ്ടിക്കാട്ടി.
'ആർക്കും ഒരാളുടെ മാത്രം നേതാവാകാൻ കഴിയില്ല. എന്നാൽ, സമൂഹം അവരുടെ നേതാവിന് എന്താണ് സംഭവിക്കുന്നതെന്ന് വീക്ഷിക്കുന്നുണ്ട്. അതിനാൽ, ഓരോ സമുദായത്തിനും അവരുടേതായ പ്രതീക്ഷകളുണ്ട്. ഇതെല്ലാം രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. എന്തിനാണ് ഷെൽജ പോകുന്നത്? യുക്തിക്ക് നിരക്കാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്ന കേന്ദ്രമാണ് ഡൽഹി. എന്നാൽ, എന്‍റെ സംസ്ഥാനത്തെ ജനങ്ങൾക്ക് എന്നെ നന്നായി അറിയാം. കോൺഗ്രസിനോട് എനിക്ക് വിയോജിപ്പില്ല' -ഷെൽജ വ്യക്തമാക്കി.
ഒരുപാട് ചർച്ചകൾ നടക്കുന്നു, പല സാഹചര്യങ്ങൾ ഉയർന്നുവരുന്നുണ്ട്. ബഹുമാനം ലഭിച്ചില്ലെന്ന് ആളുകൾക്ക് തോന്നുന്ന ചില കാര്യങ്ങൾ സംഭവിക്കാറുണ്ട്. രാഷ്ട്രീയം എന്നത് ധാരണയുടെ കളിയാണ്. 100 ശതമാനം ടിക്കറ്റ് ആർക്കും ലഭിക്കില്ല, അത് സാധ്യമായിരുന്നില്ല. പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. താനും മറ്റുള്ളവരും പാർട്ടിയുടെ ഭാഗമാണെന്നും ഷെൽജ ചൂണ്ടിക്കാട്ടി.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തോട് ഷെൽജ വിയോജിപ്പ് അറിയിച്ചതായി വാർത്തകൾ വന്നിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ വിഭാഗത്തിലാണ് മുൻതൂക്കം ലഭിച്ചത്. ഇതിൽ വിയോജിപ്പുള്ള കുമാരി ഷെൽജക്കും രൺദീപ് സിങ് സുർജെവാക്കും എതിർപ്പുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്ന് എതിർപ്പ് പരസ്യമാക്കിയില്ല.
അതേസമയം, 90 അംഗ ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ അഞ്ചിനാണ് നടക്കുക. 10 വർഷമായി സംസ്ഥാനത്ത് ഭരണത്തിലുള്ള ബി.ജെ.പി ഹാട്രിക് തികക്കാമെന്ന കണക്കുകൂട്ടലിലാണ്. 2014ൽ കോൺഗ്രസിൽ നിന്നും സംസ്ഥാനം പിടിച്ചെടുത്ത ബി.ജെ.പി 2019ലും ഭരണം നിലനിർത്തി. പാർട്ടിയിലെ ആഭ്യന്തര കലഹമാണ് 2019ൽ കോൺഗ്രസിന് തിരിച്ചടിയായത്. ഒക്ടോബർ എട്ടിന് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.