മഹാകുംഭ മേള അർത്ഥശൂന്യമെന്ന് ലാലു പ്രസാദ് യാദവ്; ‘18 പേർ മരിച്ച സംഭവം, റെയിൽവേ മന്ത്രി രാജിവെക്കണം’
text_fieldsന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിക്കാനിടയായ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്ര റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ്. 18 പേർ മരിച്ച സംഭവം വേദനയും അസ്വസ്ഥതയും ഉളവാക്കുന്നതാണ്. കേന്ദ്ര സർക്കാറിന്റെ കെടുകാര്യസ്ഥതയാണിവിടെ കണ്ടത്. അപര്യാപ്തമായ ക്രമീകരണങ്ങളാണുളളത് എന്നതിന്റെ ദൃഷ്ടാന്തമാണീ ദുരന്തം. ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവെക്കണം. ഇത്, കേന്ദ്ര സർക്കാറിന്റെയും പ്രത്യേകിച്ച് റെയിൽവേയുടെയും പൂർണ പരാജയമാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
ഇതിനിടെ, മഹാകുംഭമേള അർത്ഥശൂന്യമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ വേണ്ടിയാണ് വലിയ ജനക്കൂട്ടം ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തിയത്. പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയ്ക്കായി വലിയ ജനക്കൂട്ടം എത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ‘കുംഭമേളയ്ക്ക് അർഥമില്ല, അത് വെറും അർത്ഥശൂന്യമാണെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞത്.
ഇതിനിടെ, 18 പേർ മരിക്കാനിടയായ ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിൽ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. പ്രയാഗ്‌രാജിലേക്ക് പോകാനുള്ള രണ്ട് തീവണ്ടികളുടെ പേരിലുണ്ടായ ആശയക്കുഴപ്പമാണ് വൻദുരന്തത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. പ്രയാഗ്‌രാജ് എക്സപ്രസ്, പ്രയാഗ്‌രാജ് സ്പെഷ്യൽ എന്നിവയാണ് ആ ട്രെയിനുകളെന്നും പൊലീസ് പറയുന്നു.
പ്രയാഗ്‌രാജ് സ്പെഷ്യൽ ട്രെയിൻ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ഉടനെത്തിച്ചേരും എന്നായിരുന്നു റെയിൽവേ അധികൃതർ നൽകിയ അറിയിപ്പ്. ഇത് 14-ാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ്‌രാജ് എക്സ്പ്രസിന് കാത്തിരുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കി. തങ്ങൾക്ക് കയറേണ്ട ട്രെയിൻ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് വരുന്നതെന്ന് ഇവർ തെറ്റിദ്ധരിച്ചു. ഇവർ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകാൻ തുടങ്ങിയതോടെ പ്ലാറ്റ്ഫോമിൽ വലിയതോതിലുള്ള ആൾക്കൂട്ടം രൂപപ്പെട്ടു. ഇതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് പൊലീസ് വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.