കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ് കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയുടെ ഭാഗമായി സന്യാസിമാർ ഗംഗാ നദിയിൽ കുളിക്കുന്ന ചടങ്ങ് ഒഴിവാക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്.
ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്‍റ് സ്വാമി അവധേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ചാണ് കുംഭമേളയുടെ ചടങ്ങുകള്‍ ചുരുക്കണമെന്ന് അഭ്യർഥിച്ചത്. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് ബാധിതരായ സന്യാസിമാരുടെ ആരോഗ്യസ്ഥിതിയെകുറിച്ചും സ്വാമി അവദേശാനന്ദ ഗിരിയോട് പ്രധാനമന്ത്രി ആരാഞ്ഞു. സന്യാസിമാരുടെ ക്ഷേമത്തിനായി എല്ലാ സഹായവും നൽകും. ചടങ്ങുകള്‍ ചുരുക്കുക വഴി കോവിഡിനെതിരായ രാജ്യത്തിന്‍റെ പോരാട്ടം ശക്തിപ്പെടുമെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
കുംഭമേള കോവിഡിന്‍റെ മഹാവ്യാപനത്തിന് വഴിവെക്കുമെന്ന് തുടക്കം മുതലേ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഹരിദ്വാറിൽ കുംഭമേളക്കെത്തിയ 1701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വരും ദിവസങ്ങളിൽ പുതിയ പരിശോധനാ ഫലം വരുന്നതോടെ എണ്ണം കോവിഡ് ബാധിതരുടെ എണ്ണം 2000 കടക്കുമെന്നാണ് റിപ്പോർട്ട്. ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നത്.
മധ്യപ്രദേശിൽ നിന്നുള്ള മഹാ നിർവാനി അഖാഡയിൽ അംഗമായ സ്വാമി കപിൽ ദേവ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കുംഭമേളയിൽ പങ്കെടുത്ത അഖിൽ ഭാരതീയ അഖാഡ പരിഷതിന്‍റെ പ്രസിഡന്‍റ് നരേന്ദ്ര ഗിരി കോവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്.
ഈ മാസം അവസാനിക്കേണ്ട കുംഭമേളയിൽ 13 സന്യാസി സമൂഹങ്ങളാണ് പങ്കെടുക്കുന്നത്. കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ ഹരിദ്വാർ കുംഭമേളയിൽ നിന്ന് പിന്മാറാൻ സന്യാസി സമൂഹങ്ങളായ രഞ്ജിനി അഖാഡയും തപോ നിധി ശ്രീ ആനന്ദ് അഖാഡയും തീരുമാനിച്ചിരുന്നു. ഇരു സന്യാസി സമൂഹവും ഇന്ന് മുതൽ കുംഭമേളയിൽ പങ്കെടുക്കില്ല.
അതേസമയം, കോവിഡ് കാലത്ത് കുംഭമേള നടത്തുന്നതിനെതിരെ വലിയ വിമർശനമുയർന്നിട്ടും മേളയിൽ നിന്ന് പിന്നാക്കം പോകാൻ ഉത്തരാഖണ്ഡ് സർക്കാർ തയാറായിട്ടില്ല. ചില അഖാഡകൾ പിൻവാങ്ങാൻ തീരുമാനിച്ചെങ്കിലും ഉത്തരാഖണ്ഡ് മന്ത്രി ബൻസിധർ ഭഗത് ഉൾപ്പെടെ ചിലർ കുംഭമേള തുടരുമെന്നാണ് പറയുന്നത്. മേളയിൽ നിന്ന് പിന്മാറാൻ സന്യാസിമാരുടെ ഉന്നത സമിതിയായ 'അഖാഡ പരിഷദ്' ആണ് നിർദേശം സമർപ്പിക്കേണ്ടത്.
12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ 25 ദശലക്ഷത്തോളം പങ്കെടുക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.