കുംഭമേള നേരത്തെ അവസാനിപ്പിക്കില്ലെന്ന് അധികൃതര്‍; ഏപ്രിൽ 30 വരെ തുടരും
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഹരിദ്വാറില്‍ നടന്നുവരുന്ന മെഗാ കുംഭമേള നേരത്തേ അവസാനിപ്പിക്കുമെന്നുള്ള വാർത്തകൾ തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. മേള നേരത്തെ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രണ്ടാഴ്ച മുമ്പ് തന്നെ കുംഭമേള അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
'ജനുവരിയില്‍ നടക്കേണ്ടിയിരുന്ന കുംഭമേള കോവിഡിനെ തുടര്‍ന്നാണ് ഏപ്രിലിലേക്ക് മാറ്റിയത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മേള നേരത്തെ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല'- ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റും കുംഭമേള ഓഫിസറുമായ ദീപക് റാവത്ത് വ്യക്തമാക്കി.
മേള നേരത്തെ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് അധികൃതർ പറയുന്നു.
രാജ്യത്ത് കോവിഡ് വളരെ വേഗം വ്യാപിക്കുന്നതിനിടെ ഗംഗാതീരത്ത് നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. ബുധനാഴ്ച വൈകീട്ട് ആറുവരെയായി 14 ലക്ഷത്തോളം പേര്‍ ഗംഗാതീരത്തെത്തി ഷാഹി സ്‌നാനം നടത്തിയെന്നാണ് സർക്കാർ കണക്ക്.
സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ പിഴ ചുമത്താൻ തീരുമാനമുണ്ടെങ്കിലും ഈ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഹരിദ്വാറിൽ മാത്രം രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.