കുപ്വാര ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ വിദേശികളെന്ന് സേന
text_fieldsശ്രീനഗർ: വടക്കൻ കശ്മീരിലെ കുപ്വാരയിൽ രണ്ടുദിവസം നീണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലശ്കറെ ത്വയ്യിബ ഭീകരർ വിദേശികളെന്ന് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവർ വിദേശികളാണെന്ന നിഗമനത്തിലെത്തിയത്. മൂന്ന് സൈനികരും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. ടെറിറ്റോറിയൽ ആർമി 160ാം ബറ്റാലിയനിലെ ശിപായി മുഹമ്മദ് അഷറഫ് റാത്തർ, ഹവിൽദാർ സൊരവർ സിങ്, അഞ്ചാം ബറ്റാലിയനിലെ നായിക് രഞ്ജിത് സിങ്, പൊലീസുകാരായ ദീപക് തുസൂ, എസ്.പി.ഒ മുഹമ്മദ് യൂസഫ് എന്നിവരാണ് മരിച്ചത്. ഒരു ജവാനെ ബുധനാഴ്ച മുതൽ കാണാനില്ല.
തെരച്ചിൽ തുടരുകയാണ്. നിയന്ത്രണ രേഖക്ക് എട്ടുകിലോ മീറ്റർ സമീപം ഹൽമത്പൊര മേഖലയിൽ പട്രോളിങ് നടത്തിയ പൊലീസ് സംഘത്തെ ഒരുകൂട്ടം ഭീകരർ തടഞ്ഞതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ടെറിറ്റോറിയൽ ആർമി, സി.ആർ.പി.എഫ്, പൊലീസ് വിഭാഗങ്ങൾ സംയുക്തമായി ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ആക്രമണം ബുധനാഴ്ചവരെ തുടർന്നു. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് െഎ.ജി എസ്.പി. പാനി അറിയിച്ചു.
ഷംസാബാരി മലനിരകൾ കടന്നാണ് ഭീകരരെത്തിയത്. സുരക്ഷാസേനയുടെ തിരിച്ചടി ശക്തമായതോടെ സമീപത്തെ വനത്തിലൊളിച്ചെങ്കിലും ചൊവ്വാഴ്ചതന്നെ നാല് ഭീകരരെ വധിച്ചു. മലമുകളിൽനിന്ന് സേനക്കുനേരെ വെടിയുതിർത്തുകൊണ്ടിരുന്ന ശേഷിച്ചയാളെ ബുധനാഴ്ച വൈകീേട്ടാടെയാണ് വകവരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.