മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്തിക്കുക വ്യോമസേന വിമാനത്തിൽ; പരിക്കേറ്റവരുടെ ചികിത്സ കുവൈത്തിൽ തുടരും
text_fieldsന്യൂഡൽഹി: കുവൈത്തിലെ മൻഗഫിലെ കെട്ടിടസമുച്ചയത്തിലുണ്ടായ. തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനം. വ്യോമസേനയുടെ സി-130 സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് കൊണ്ടുവരിക. ഇതിനായി ഡൽഹിക്ക് സമീപത്തെ ഹിന്ദൻ വ്യോമകേന്ദ്രത്തിൽ വിമാനം സജ്ജമാക്കിയിട്ടുണ്ട്.
അതിനിടെ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങുമായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹിയ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതും പരിക്കേറ്റവരുടെ ചികിത്സ സംബന്ധിച്ചുമാണ് ചർച്ച നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും. പരിക്കേറ്റവരുടെ ചികിത്സ കുവൈത്തിൽ തന്നെ തുടരാനാണ് തീരുമാനം. അപകടത്തിൽ പരിക്കേറ്റ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പ് വരുത്തിയതായും എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. രക്ഷാദൗത്യം ഏകോപിപ്പിക്കാൻ കേരളത്തിന്‍റെ പ്രതിനിധിയായി ആരോഗ്യ മന്ത്രി വീണ ജോർജ് കുവൈത്തിൽ എത്തും.
കൂടാതെ, ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാകുമെന്നും നഷ്ടപരിഹാരങ്ങൾ പരമാവധി കൈമാറാൻ എൻ.ബി.ടി.സി പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്മെന്റ് അറിയിച്ചു.
ബുധനാഴ്ച പുലർച്ച നാലു മണിക്കാണ് കുവൈത്തിലെ മൻഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ തീപിടിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തില്‍പെട്ടത്. മലയാളികളടക്കം 49 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
24 മലയാളികൾ മരിച്ചതായാണ് റിപ്പോർട്ട്. പരിക്കേറ്റവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിൽ 196 പേരായിരുന്നു താമസിച്ചിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള അഞ്ചിലധികം പേരും മരിച്ചതായി സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താനും അറിയിച്ചിട്ടുണ്ട്.
തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാൻ കാരണമായി. കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതൽ മരണങ്ങളും. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടി. ദുരന്തകാരണം അന്വേഷിക്കാൻ ഉത്തരവായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.