വളർത്തുനായയെ കാണാതായി; സുരക്ഷാ ചുമതലയുള്ള പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈകോടതി ജഡ്ജ്
text_fieldsന്യൂഡൽഹി: വളർത്തുനായയെ കാണാതായ സംഭവത്തിൽ തന്‍റെ സുരക്ഷക്ക് നിയോഗിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി പൊലീസിന് കത്തെഴുതി ജഡ്ജി. ഡൽഹി ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഗൗരങ് കാന്താണ് കത്തെഴുതിയത്. ജൂലൈ 21ന് ഇദ്ദേഹത്തിന് കൽക്കത്ത ഹൈകോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരിക്കുകയാണ്.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആത്മാർഥതയും അർപ്പണബോധവുമില്ലാത്ത കാരണമാണ് തനിക്ക് വളർത്തുനായയെ നഷ്ടപ്പെട്ടതെന്ന് ഡൽഹി പൊലീസ് ജോയിന്‍റ് കമീഷണർക്ക് അദ്ദേഹം അയച്ച കത്തിൽ പറഞ്ഞു. സുരക്ഷയിലുണ്ടായിരുന്ന പൊലീസുകാരെ ഉടനടി സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസുകാർ തന്‍റെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ജഡ്ജ് കത്തിൽ പറഞ്ഞു. ഇത്തരം രീതികൾ തന്‍റെ ജീവനും സ്വാതന്ത്ര്യത്തിനും കനത്ത ഭീഷണിയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം തനിക്ക് റിപ്പോർട്ട് നൽകണമെന്നാണ് ജൂൺ 12ന് ഡൽഹി പൊലീസിന് നൽകിയ കത്തിൽ അദ്ദേഹം പറഞ്ഞത്.
അതേസമയം, ജഡ്ജിയുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫിനാണെന്നും പേഴ്സണൽ സുരക്ഷാ ഓഫിസറെ മാത്രമേ പൊലീസ് നൽകിയിട്ടുള്ളൂവെന്നും ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രത്യേകിച്ച് നടപടിയൊന്നും എടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.