ലഡാക് അതിർത്തിയിൽ സേനകളുടെ അടി; ട്വിറ്ററിൽ ഇന്ത്യ-ചൈന ‘യുദ്ധം’
text_fieldsന്യൂഡൽഹി: ലഡാക് അതിർത്തിയിൽ ഇന്ത്യ-ചൈന സേനകൾ തമ്മിലെ സംഘട്ടനത്തിെൻറതായി പുറത്തുവന്ന വിഡിയോയെ െചാല്ലി ഇരുരാജ്യങ്ങൾക്കുമിടയിൽ സമൂഹമാധ്യമ ‘യുദ്ധം’. ലഡാക്കിലെ പങോങ് സുയിൽ ഇന്ത്യൻ സേന ചൈനീസ് കവചിത വാഹനത്തിന് കേടുപാട് വരുത്തുന്ന, തീയതി വ്യക്തമല്ലാത്ത വിഡിയോയാണ് കഴിഞ്ഞദിവസം ട്വിറ്ററിലെത്തിയത്. കല്ലും വടികളുമെടുത്തായിരുന്നു ആക്രമണം. തൊട്ടടുത്ത് ചോരയൊലിച്ച് വീണുകിടക്കുന്ന ഒരു ചൈനീസ് സൈനികനെ ഇന്ത്യൻ സൈനികൻ ആശ്വസിപ്പിക്കുന്നുണ്ട്.
വിഡിയോ പുറത്തെത്തിയ ഉടൻ ഇന്ത്യൻ സേന സംഭവം നിഷേധിച്ചെങ്കിലും പിന്നാലെ ഇന്ത്യക്കെതിരെ സമാന സ്വഭാവമുള്ള വിഡിയോകൾ പുറത്തുവിട്ട് ചൈന ‘തിരിച്ചടി’ തുടങ്ങി. അടികൊണ്ട് സാരമായി പരിക്കേറ്റ നിരവധി ഇന്ത്യൻ സൈനികരുടെ ചിത്രങ്ങളും വിഡിയോകളും ചൈനീസ് സേനയുമായി അടുപ്പമുള്ള ട്വിറ്റർ അക്കൗണ്ടുകളിൽനിന്ന് പുറത്തെത്തി. ചിലർ വീണുകിടക്കുന്നതും മറ്റു ചിലർ അബോധാവസ്ഥയിലായതും ചിത്രങ്ങളിലുണ്ട്. കൈകാലുകൾ കയർകൊണ്ട് ബന്ധിച്ച നിലയിലാണ്. ചിത്രങ്ങളിൽ കാണുന്ന നീല ബോട്ടിൽനിന്ന് ഇത് പങോങ് സുയിലേതാണെന്ന് ഊഹിക്കാം. ചൈനീസ് വിഡിയോകൾ വ്യാപകമായി പാക് ട്വിറ്റർ അക്കൗണ്ടുകളും ഏറ്റെടുത്തു.
ആധികാരികത ഉറപ്പാക്കാത്ത വിഡിയോയാണെന്നും ഇതിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ഇന്ത്യൻ സേന വക്താവ് കേണൽ അമൻ ആനന്ദ് പറഞ്ഞു. വിഡിയോ പുറത്തുവിടരുതെന്ന് മാധ്യമങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാഴ്ചയിലേറെയായി ലഡാക്കിൽ ഇരു സേനകൾക്കുമിടയിൽ തുടരുന്ന സംഘർഷത്തിലെ അവസാനത്തെതാണ് ട്വിറ്റർ ‘യുദ്ധം’. പങോങ് സു, ഗാൽവൻ താഴ്വര, ഡെംചോക്, ദൗലത് ബാഗ് ഓൾഡി തുടങ്ങിയ സ്ഥലങ്ങളിൽ ഇരു സേനകളും തമ്മിൽ മുഖാമുഖം നിൽക്കുകയാണ്. ഏതു സാഹചര്യവും നേരിടാൻ ഇരുവശത്തും കൂടുതൽ സേനകൾ നിലയുറപ്പിച്ചിട്ടുണ്ട്.
2017ലെ ദോക് ലാം സംഘർഷത്തിനുശേഷം ഇരു സേനകൾക്കുമിടയിൽ വീണ്ടും സ്ഥിതി ഗുരുതരമായത് ആശങ്ക ഉണർത്തുന്നുണ്ട്. ഇത് പതിവ് ഉരസലുകളല്ലെന്നും സ്ഥിതി ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ഗാൽവനിലും പങോങ് സുയിലും ഇന്ത്യൻ അതിർത്തി കടന്ന് ചൈനീസ് സേന നിലയുറപ്പിച്ചതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.