ലഡാക്കിലെ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടത് 42 ചൈനീസ് ഭടൻമാരെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: 2020 ജൂണിൽ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ ചൈനക്ക് 42 സൈനികരെ നഷ്ടപ്പെട്ടതായി ആസ്ട്രേലിയൻ പത്രമായ ദി ക്ലാക്സൺ റിപ്പോർട്ട് ചെയ്യുന്നു. മരണനിരക്ക് യഥാർത്ഥത്തിൽ ചൈന അംഗീകരിച്ചതിനേക്കാൾ ഒമ്പതിരട്ടി വരും. നാലുപേർ മരിച്ചുവെന്നാണ് ചൈന ഔദ്യോഗികമായി അറിയിച്ചിരുന്നത്. സോഷ്യൽ മീഡിയ ഗവേഷകരുടെ സംഘം ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ തയാറാക്കിയ 'ഗാൽവാൻ ഡീകോഡഡ്' എന്ന റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് പത്രം വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ജൂൺ 15 മുതൽ 16 വരെ നടന്ന ഏറ്റുമുട്ടലിന്‍റെ ആദ്യഘട്ടത്തിൽ, അതിവേഗം ഒഴുകുന്ന ഗാൽവാൻ നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 38 സൈനികർ മരിക്കുന്നത്. പൂജ്യത്തിനും താഴെയുള്ള താപനിലയിലും ഇരുട്ടിലുമാണ് പട്ടാളക്കാർ നദി മുറിച്ചുകടക്കാൻ ശ്രമിച്ചത്. ഇതിനിടെ 38 പേർ മുങ്ങിമരിക്കുകയായിരുന്നു. എന്നാൽ, ചൈന പറയുന്നത് ഒരാൾ മാത്രമാണ് മുങ്ങിമരിച്ചതെന്നാണ്.
'ആ രാത്രി 38 പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികരാണ് ഒലിച്ചുപോയത്' -നിരവധി 'വെയ്ബോ' ഉപയോക്താക്കളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ട്വിറ്ററിന് സമാനമായ ചൈനയിലെ മൈക്രോബ്ലോഗിങ് വെബ്സൈറ്റാണ് വെയ്ബോ.
സൈനികരുടെ മൃതദേഹം ആദ്യം ഷിക്വാൻഹെ രക്തസാക്ഷി സെമിത്തിരിയിലേക്കാണ് കൊണ്ടുപോയതെന്ന് ക്വിയാങ്ങിലെ വെയ്ബോ ഉപയോക്താവ് വ്യക്തമാക്കുന്നു. തുടർന്ന് കൊല്ലപ്പെട്ട സൈനികരുടെ പ്രാദേശിക പട്ടണങ്ങളിൽ ചടങ്ങുകൾ നടത്തി.
ചൈനീസ് സൈന്യം നിയന്ത്രണ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണെന്നും പരസ്പര കരാർ ലംഘിച്ച് 2020 ഏപ്രിൽ മുതൽ പട്രോളിംഗ് പരിധി വിപുലീകരിക്കാൻ ശ്രമിക്കുകയാണെന്നും വെയ്ബോ ഉപയോക്താവ് അവകാശപ്പെട്ടു.
'ചൈനീസ് ആർമി വാഗ്ദാനങ്ങൾ ലംഘിക്കുകയാണ്. ധാരണ പ്രകാരം സ്വന്തം അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുമാറ്റുന്നതിനുപകരം, ഇന്ത്യൻ സൈന്യം നിർമിച്ച പാലം അവർ രഹസ്യമായി പൊളിച്ചു. സംഘർഷത്തെക്കുറിച്ചുള്ള ചർച്ചകൾ വരാതിരിക്കാൻ ചൈനീസ് ഭരണകൂടം പരമാവധി ശ്രമിച്ചു, പ്രത്യേകിച്ച് യഥാർത്ഥ മരണസംഖ്യയെക്കുറിച്ച്' -റിപ്പോർട്ടിൽ പറയുന്നു.
ചൈനയിലെ ബ്ലോഗർമാരുമായുള്ള ചർച്ചകൾ, ചൈനീസ് പൗരൻമാരിൽനിന്ന് ലഭിച്ച വിവരങ്ങൾ, ചൈനീസ് അധികാരികൾ വിലക്കിയ മാധ്യമ റിപ്പോർട്ടുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് അന്വേഷണാത്മക റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.