പിരിമുറുക്കം; ലഡാക്ക് അവിഭാജ്യ ഘടകം; ചൈന തലയിടേണ്ട– ഇന്ത്യ
text_fieldsന്യൂഡൽഹി: അതിർത്തി സംഘർഷം തുടരുന്നതിനിടയിൽ പിരിമുറുക്കം കൂട്ടുന്ന പ്രസ്താവനയുമായി ഇന്ത്യയും ചൈനയും. ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തര കാര്യത്തിൽ ചൈന തലയിടേണ്ടെന്നും തുറന്നടിച്ച് ഇന്ത്യ. ജാഗ്രത പാലിക്കാനും യുദ്ധത്തിന് ഒരുങ്ങാനും ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ് നാവിക സേനക്ക് നൽകിയ നിർദേശം ഇതിനിടയിൽ ഉദ്വേഗം വർധിപ്പിച്ചു.
അതിർത്തി വിഷയത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാട് തുടരുകയാണ് ഇന്ത്യയും ചൈനയുമെങ്കിലും, വ്യത്യസ്ത സാഹചര്യങ്ങളിലാണ് രണ്ടു രാജ്യത്തു നിന്നുമുള്ള പ്രസ്താവനകൾ. സാഹചര്യം ഗൗരവതരമെങ്കിലും, യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന അർഥം രണ്ടു കൂട്ടരുടെയും കടുപ്പിച്ച പ്രസ്താവനകൾക്കില്ല.
ചൈനയുടെ സൈനിക നീക്കങ്ങൾ ഇന്ത്യയുമായുള്ള അതിർത്തിയിൽ മാത്രമല്ല. നാവിക സേനയോടുള്ള ചൈനീസ് പ്രസിഡൻറിെൻറ തയാറെടുപ്പു നിർദേശം തായ്വാൻ, തെക്കൻ ചൈനാകടൽ സാഹചര്യങ്ങൾ മുൻനിർത്തിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തായ്വാൻ മുനമ്പിലൂടെയുള്ള അമേരിക്കൻ പടക്കപ്പലിെൻറ നീക്കം മുൻനിർത്തിയാണ് നാവിക സേനാ കേന്ദ്രത്തിൽ ചൈനീസ് പ്രസിഡൻറ് സംസാരിച്ചത്്. അതേസമയം, ലഡാക്കിൽ ഇന്ത്യയുടെ ഭരണ, വികസന, സൈനിക നീക്കങ്ങളെ കൂടുതൽ ശക്തമായി ചെറുക്കുകയാണ് ചൈന. ലഡാക്ക് കേന്ദ്രഭരണ പ്രദേശമാക്കിയതിനെ നിയമവിരുദ്ധമെന്നും അംഗീകരിക്കുന്നില്ലെന്നുമാണ് കഴിഞ്ഞ ദിവസം ചൈന പറഞ്ഞത്.
ലഡാക്കിലൂം അരുണാചൽ പ്രദേശിലുമായി 44 പുതിയ പാലങ്ങൾ ഇന്ത്യ തുറന്നതിനു പിന്നാലെയായിരുന്നു ഈ പ്രതികരണം. അതിർത്തിയിൽ ഇന്ത്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് രണ്ടു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിന് മൂലകാരണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലീജിയൻ പറഞ്ഞിരുന്നു. ഇതിന് അതേ നാണയത്തിൽ മറുപടി നൽകുകയാണ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.