ലഡാക്ക് കേന്ദ്രഭരണ പ്രദേശമാക്കിയത് അംഗീകരിക്കില്ല -ചൈന
text_fieldsന്യൂഡൽഹി: ഇന്ത്യ 'അനധികൃതമായി രൂപവത്കരിച്ച' ലഡാക്ക് കേന്ദ്രഭരണപ്രദേശമോ അരുണാചൽപ്രദേശോ അംഗീകരിക്കുന്നില്ലെന്ന് ചൈന.
സംഘർഷത്തിെൻറ മൂലകാരണം അതാണെന്ന് ചൈന വിശദീകരിച്ചു. അതിർത്തി മേഖലയിലെ അടിസ്ഥാന സൗകര്യ നിർമാണം എതിർക്കുന്നു. ലഡാക്കിലും അരുണാചലിലും എട്ടു വീതം പാലങ്ങൾ അടക്കം 44 പുതിയ പാലങ്ങൾ ഇന്ത്യ നിർമിച്ചതിനെക്കുറിച്ച ചോദ്യത്തിന് ചൈനയുടെ വിദേശകാര്യ വക്താവ് ഴാവോ ലീജിയനാണ് ഈ വിശദീകരണം നൽകിയത്.
സംഘർഷം വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ രണ്ടു രാജ്യങ്ങളുടെയും ഭാഗത്തു നിന്ന് ഉണ്ടാകരുത്. അതിർത്തിയിൽ സേനാ ബലം കൂട്ടാൻ ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ചൈന എതിരാണെന്നും വക്താവ് പറഞ്ഞു.
പ്രത്യേക പദവി നൽകിപ്പോന്ന 370ാം ഭരണഘടന വകുപ്പ് എടുത്തു കളഞ്ഞ് ജമ്മു-കശ്മീരിനെ കഴിഞ്ഞ വർഷമാണ് കേന്ദ്രസർക്കാർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചത്.
ഇതിൽ ചൈനയോടു ചേർന്ന ലഡാക്ക് കേന്ദ്രഭരണ പ്രദേശ രൂപവത്കരരണം അംഗീകരിക്കുന്നില്ലെന്നാണ് ചൈന ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അതിർത്തിയിലേക്കുള്ള സൈനിക നീക്കവും മറ്റു സൗകര്യങ്ങളും വർധിപ്പിക്കാൻ ഉതകുന്ന പാലങ്ങൾ ഈയിടെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.