ലഡുവിനെ ചൊല്ലി ബിഹാർ നിയമസഭയിൽ ആർ.ജെ.ഡി-ബി.ജെ.പി സംഘർഷം
text_fieldsന്യൂഡൽഹി: ബിഹാർ നിയമസഭയിൽ ആർ.ജെ.ഡി-ബി.ജെ.പി എം.എൽ.എമാർ തമ്മിൽ സംഘർഷം. ലഡു വിതരണം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ജോലിക്ക് ഭൂമി അഴിമതികേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്റി ദേവിക്കും ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ആർ.ജെ.ഡി അംഗങ്ങൾ നിയമസഭയിൽ ലഡു വിതരണം ചെയ്യാനെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്.
സംഘർഷത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇരുപാർട്ടികളുടേയും എം.എൽ.എമാർ പരസ്പരം വാഗ്വാദത്തിലേർപ്പെടുന്നതും ഒടുവിൽ ആർ.ജെ.ഡി എം.എൽ.എമാർ കൊണ്ടുവന്ന ലഡു ബി.ജെ.പി നേതാക്കൾ വലിച്ചെറിയുന്നതും വിഡിയോയിൽ കാണാം. നിയമസഭ ഹാളിന് പുറത്തുവെച്ചാണ് സംഘർഷമുണ്ടായത്. ആർ.ജെ.ഡി എം.എൽ.എമാരുടേയും ഭരണപക്ഷത്തിന്റേയും ഗുണ്ടായിസമാണ് നിയമസഭയിലുണ്ടായതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
അവർ തങ്ങൾക്ക് നേരെ ലഡുവെറിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ കുറ്റപ്പെടുത്തി. വിഷയം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലാലു പ്രസാദ് യാദവിനും ഭാര്യക്കും പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നു. 50,000 രൂപയുടെ വ്യക്തപരമായ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. തുടർന്നായിരുന്നു ആർ.ജെ.ഡി എം.എൽ.എമാരുടെ ലഡുവിതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.