ലഖിംപുർ കർഷക കൊല: മന്ത്രിപുത്രൻ ആശിഷ് മിശ്ര നാളെ ചോദ്യം ചെയ്യലിന് ഹാജരാകും
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. ശനിയാഴ്ച രാവിലെ 11 മണിക്ക് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ആശിഷിന്‍റെ അഭിഭാഷകൻ അറിയിച്ചു.
ചോദ്യം ചെയ്യലിന് ആശിഷിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും എത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഉത്തർപ്രദേശ് സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു.
കേസിൽ യു.പി സർക്കാറിനെതിരെ സുപ്രീം കോടതി ആഞ്ഞടിച്ചു. സംഭവത്തെ ക്രൂരമായ കൊലപാതകമെന്ന് വിശേഷിപ്പിച്ച കോടതി കേസിൽ യു.പി സർക്കാർ കൈകൊണ്ട നടപടികളിൽ തൃപ്തിയില്ലെന്ന് അറിയിച്ചു. ആശിഷ് മിശ്രക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും നടപടികൾ എന്തുകൊണ്ടാണ് വാക്കിൽ ഒതുങ്ങുന്നതെന്നും കോടതി ചോദിച്ചു. പൂജ അവധി കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുേമ്പാൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.
യു.പിയിലെ ലഖിംപൂർ ഖേരിയിൽ കർഷകർക്ക് ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കാർ ഒടിച്ചുകയറ്റിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലു കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു.
പ്രതിപക്ഷമായ കോൺഗ്രസ് ലഖിംപൂർ ഖേരി വിഷയം ആളിക്കത്തിക്കുകയും ചെയ്തിരുന്നു. യു.പി ഭരിക്കുന്ന യോഗി ആദിത്യനാഥ് സർക്കാറിനെതിരെയും കേന്ദ്രസർക്കാറിനെതിരെയുമായിരുന്നു പ്രതിഷേധം. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിയും ആശിഷ് മിശ്രയുടെ അറസ്റ്റും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.